ഒല്ലൂര്‍: നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളെ കോര്‍ത്തിണക്കി ടൂറിസ്റ്റ് കോറിഡോറിന്റെ വിവിധ പദ്ധതികളുടെ നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മന്ത്രി കെ. രാജന്റെയും ടൂറിസം അഡീ. ഡയറക്ടര്‍ വിഷ്ണുരാജിന്റെയും നേതൃത്വത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്തു. ഒല്ലൂര്‍ മണ്ഡലത്തിലെ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം, പീച്ചി ഡാം, ഒരപ്പന് കെട്ട് ഡാം, കെ.എഫ്.ആർ.ഐ, കേരള കാര്‍ഷിക സര്‍വകലാശാല, കച്ചിത്തോട് ഡാം എന്നിവ കൂട്ടിയിണക്കിയാണ് ടൂറിസ്റ്റ് കോറിഡോര്‍ ഒരുങ്ങുന്നത്. ഇതില്‍ പുത്തൂര്‍ കായലിനായി തയാറാക്കിയ പദ്ധതിയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം സാഹസിക ടൂറിസത്തിനും പ്രകൃതി മനോഹാര്യത ആസ്വദിക്കാനും അനുയോജ്യമായ പദ്ധതി തയാറാക്കും. ഒരപ്പന് കെട്ട് വെള്ളച്ചാട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾ. ‘കെല്’ ആണ് ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ടെൻഡര്‍ നടപടികളിലേക്ക് കടക്കുകയാണ്. പീച്ചി ഡാമിന്റെ രണ്ടാം ഘട്ട സൗന്ദര്യവത്കരണം സംസ്ഥാന ഭവന നിർമാണ ബോര്‍ഡാണ് നിര്‍വഹിക്കുക. കച്ചിത്തോട് ഡാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ടൂറിസ്റ്റ് കോറിഡോറിന്റെ വിശദമായ മാസ്റ്റര്‍ പ്ലാന്‍ ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ തയാറാക്കും. ഒക്ടോബര്‍ അവസാനത്തോടെ തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ ടൂറിസം കോറിഡോറിന് അന്തിമ രൂപമാകും.
മന്ത്രി കെ. രാജന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ വിഷ്ണു രാജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അശ്വിന്, തൃശൂര്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേം ഭാസ്, ഹൗസിങ് ബോര്‍ഡ് ചീഫ് ടെക്നികല്‍ എൻജിനീയര്‍ ഗോപിനാഥന്, റീജനല്‍ എൻജിനീയര്‍ മഞ്ജുള, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.