തൃശൂർ: വിയ്യൂര്‍ ജയിലിനുള്ളില്‍ ഗൂഗ്ൾ പേ മുഖേന പണം വാങ്ങി തടവുകാര്‍ക്ക് ബീഡിയും ഹാന്‍സും വിറ്റ കേസിലെ അഞ്ചാം പ്രതിയും വിയ്യൂര്‍ ജയിലിലെ അസി. പ്രിസണ്‍ ഓഫിസറുമായ എറണാകുളം കാലടി അട്ടിയാട്ടുകര വീട്ടില്‍ എ.എച്ച്. അജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് തള്ളി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ജൂണ്‍ 25ന് രാവിലെ ആറോടെ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കിച്ചൺ ബ്ലോക്കിനടുത്തു നിന്നും സെല്ലുകള്ക്കടുത്തു നിന്നും 12 ബണ്ടില്‍ ബീഡിയും 12 ബണ്ടില്‍ ഹാന്‍സും കണ്ടെടുത്തത്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫിസറായ അജുമോന് തടവുകാരുടെ ബന്ധുക്കളില്‍നിന്ന് ഗൂഗ്ള്‍ പേ മുഖേന പണം വാങ്ങിയാണ് ഇവയെത്തിച്ചതെന്ന് തടവുകാര്‍ അസി. പ്രിസൺ ഓഫിസറായ ഡി.എസ്. രാഹുലിന് മൊഴി നൽകിയിന്നു.
ഇതുസംബന്ധിച്ച് അന്വേഷിക്കാൻ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ അന്വേഷണത്തെ തുടര്‍ന്ന് നിരോധിതവസ്തുക്കള്‍ ഉപയോഗിച്ച തടവുകാര്‍ ജയില്‍ സൂപ്രണ്ടിന് മാപ്പപേക്ഷ നല്‍കിയിരുന്നു.
അജുമോന്റെ ഗൂഗ്ള്‍ പേയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ വിവരം ശേഖരിച്ചതിൽനിന്ന് സംശയാസ്പദമായി പണം എത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയിലിനുള്ളില്‍ നിരോധിതവസ്തുക്കള്‍ കച്ചവടം നടത്തിയതായും തടവുകാരുടെ ഭാര്യമാര്‍ വഴി മറ്റു രണ്ട് ഫോണ്‍ നമ്പറുകളിലേക്ക് ഗൂഗ്ള്‍ പേ മുഖേന പണം നല്‍കിയതായും ഈ രണ്ട് നമ്പറുകളിലേക്ക് അസി. പ്രിസൺ ഓഫിസർ നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് അജുമോനെ അഞ്ചാം പ്രതിയാക്കി കേസെടുത്തത്. ഇതോടെ ഇയാൾ ഒളിവിൽപോയി. കേസില്‍ മറ്റു പ്രതികളെ സംബന്ധിച്ച് അറിയുന്നതിന് അജുമോനെ വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയതിനാല്‍, ഒരു കാരണവശാലും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജറായ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.