തൃശൂര്‍: വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പിടിച്ചിട്ടിരിക്കുന്നത് 101 വാഹനങ്ങള്‍. 61 ബൈക്കുകള്‍, 19 ലോറികള്‍, 13 കാറുകള്‍, എട്ട് ഓട്ടോറിക്ഷകള്‍ എന്നിങ്ങനെയാണ് വാഹനങ്ങളുടെ എണ്ണം. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് വളപ്പ്, സ്റ്റേഷന് മുന്‍വശത്തെ പൊതുമരാമത്ത് റോഡ്, പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റ് എന്നിവിടങ്ങളിലാണ് കേസില്‍പ്പെട്ട് പിടിച്ച വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. അതേസമയം, പി.ഡബ്ല്യു.ഡി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് കേസില്‍പ്പെട്ട തൊണ്ടിമുതലായ വാഹനങ്ങള്‍ പൊലീസ് പൊതുമരാമത്ത് റോഡില്‍ പാര്‍ക്ക് ചെയ്യുന്നത്. ഇക്കാര്യം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നല്കിയ മറുപടിയില്‍ വാടാനപ്പള്ളി പൊലീസ് സമ്മതിച്ചിട്ടുണ്ട്.
എത്ര കാലമായി കേസില്‍ പിടിച്ച വാഹനങ്ങള്‍ പൊതുമരാമത്ത് റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയെന്ന ചോദ്യത്തിന് വിവരം ലഭ്യമല്ലെന്നാണ് മറുപടി. കേസില്‍ പിടിച്ച വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ജില്ലയില്‍ പൊലീസിന് എന്തെങ്കിലും ഭൂമിയോ സ്ഥലമോ ഉണ്ടോ എന്ന ചോദ്യത്തിനും വിവരം ലഭ്യമല്ലെന്നാണ് വാടാനപ്പള്ളി പൊലീസിന്റെ പ്രതികരണം.
തൃശൂര്‍ സ്വദേശിയായ അഭിഭാഷകന് ഷാജി ജെ. കോടങ്കണ്ടത്ത് നല്കിയ അപേക്ഷയിലാണ് വാടാനപ്പള്ളി പൊലീസ് വിവരം പുറത്തുവിട്ടത്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ മുമ്പിലെ പൊതുമരാമത്ത് റോഡുകളില്‍ കേസില്‍ പിടിച്ച തൊണ്ടിമുതലായ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മാറ്റി പകരം അവ പാര്‍ക്ക് ചെയ്യാന്‍ പുതിയ റോഡുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി ജെ. കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.