വാടാനപ്പള്ളി: തൃത്തല്ലൂരിലെ ഓട്ടോ ഡ്രൈവറും സഹചാരി സെന്റർ പ്രവർത്തകനുമായ ജാബിറിന് ചൊവ്വാഴ്ച ഓട്ടോ ഓടിക്കിട്ടിയ മുഴുവൻ തുകയും കഴിഞ്ഞ ദിവസം അരിമ്പൂരിൽ തെങ്ങിൽ ബൈക്കിടിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന കൈപ്പിള്ളി വലിയപുരക്കൽ വീട്ടിൽ നിജിലിന്റെ ചികിത്സ ചെലവിലേക്ക്.
തിങ്കളാഴ്ച രാവിലെ 5.45 ഓടെ എറവ്-കൈപ്പിള്ളി റോഡിൽ എറവ് അകമ്പാടത്തിന് സമീപമായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലും റോഡിനു കുറുകെ വീണ തെങ്ങിൽ ബസ് ഡ്രൈവറായ നിജിൽ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ബസ് എടുക്കാൻ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ ആശുപത്രിയിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് നിജിലിനെ മാറ്റിയിട്ടുണ്ട്. നിജിലിന്റെ വരുമാനം മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബത്തിന്ന് താങ്ങാവുന്നതിലുമധികമാണ് ഭീമമായ ചികിത്സാച്ചെലവ്. ഭാര്യയും രണ്ട് കൊച്ചുകുട്ടികളുമടങ്ങുന്നതാണ് കുടുംബം.
ഈ സാഹചര്യത്തിലാണ് ജാബിർ നിജിലിനെ ജീവിതത്തിലക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി രംഗത്തിറങ്ങിയത്. ജാബിറിന്റെ ഓട്ടോ ചികിത്സസഹായ നിധി വാടാനപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ബിനു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, സഹചാരി സെന്റർ പ്രവർത്തകൻ മുഹമ്മദ് സാബിർ, കാരുണ്യ പ്രവർത്തകൻ പ്രതാപൻ വാലത്ത്, സന്തോഷ് വെളുത്തൂർ എന്നിവർ പങ്കെടുത്തു. ഇതിനകം നിരവധി പേരെ ഓട്ടോയിൽ ബോക്സ് സ്ഥാപിച്ച് ജാബിർ സഹായിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.