വാടാനപ്പള്ളി: ചേറ്റുവയിൽ ടൂറിസം വികസനവും ഒപ്പം പട്ടികജാതി യുവതീ-യുവാക്കൾക്ക് തൊഴിലും ലക്ഷ്യമിട്ട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അംബേദ്കർ വഴിയോര വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. ലാറി ബേക്കറിന്റെ രൂപകൽപനയിൽ പുഴയോരത്ത് സ്ഥാപിച്ച വിശ്രമകേന്ദ്രം അടഞ്ഞു കിടക്കുകയാണ്.
1997ലാണ് ഇത് ഉദ്ഘാടനം ചെയ്തത്. സർക്കാർ ചെലവിൽ ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയ 11 പട്ടികജാതി യുവാക്കളെയാണ് നടത്തിപ്പ് ചുമതല ഏൽപിച്ചത്. ഡെപ്യൂട്ടേഷൻ വഴി നിയമിച്ച കെ.ടി.ഡി.സി ഉദ്യോഗസ്ഥനായിരുന്നു മേധാവി. ടൂറിസ്റ്റുകളുടെ വരവ് കൂടിയതോടെ ബോട്ട് സർവിസ് ആരംഭിച്ചു. കുട്ടികൾക്കായി പാർക്കും അയ്യപ്പ ഭക്തർക്കായി ഭോജനശാലയും ഒരുക്കി. പിന്നീട് ബിയർ പാർലറും ആരംഭിച്ചു. ലാഭകരമായിരുന്നു പ്രവർത്തനം.
2001ൽ പട്ടികജാതി യുവാക്കളെ പിരിച്ചുവിട്ട് 11 മാസത്തേക്ക് വ്യക്തിക്ക് നടത്തിപ്പ് കൈമാറി. ഇതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പട്ടികജാതി യുവാക്കൾ തൊഴിൽ നഷ്ടപ്പെട്ട് വഴിയാധാരവുമായി. നടത്തിപ്പുകാർ വാടകയും വൈദ്യുതി ബില്ലും വെള്ളക്കരവും നൽകാതെ പൂട്ടി സ്ഥലം വിട്ടു. വീണ്ടും പലവട്ടം വ്യക്തികൾക്കുതന്നെ നടത്തിപ്പ് കൈമാറി. കോവിഡ് കാലത്ത് വീണ്ടും അടച്ചു. പിന്നീട് തുറക്കാൻ നടപടി ഉണ്ടായില്ല.
ഇപ്പോൾ കാടുകയറി ഇഴജന്തുക്കൾ താവളമാക്കി. ചേറ്റുവയിലേക്ക് വാങ്ങിയ ബോട്ട് നേരത്തേതന്നെ തൃപ്രയാറിൽ കനോലി പുഴയിൽ കിടന്ന് മുങ്ങിനശിച്ചു. പട്ടികജാതി യുവാക്കൾ ചുമതല തങ്ങളെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കുട്ടികളുടെ പാർക്കിലെ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും രാഷ്ട്രീയ പാർട്ടികളും ഇത് കണ്ടില്ലെന്ന മട്ടിലാണ്. വിശ്രമകേന്ദ്രം തുറന്നാൽ ടൂറിസം വികസന സാധ്യതയും ഒപ്പം തൊഴിലവസരവും കൈവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.