വടക്കാഞ്ചേരി: കനത്ത വേനലിൽ ജല സ്രോതസ്സുകൾ വറ്റി വരളുന്നു. പ്രതികൂല കാലാവസ്ഥയിൽ തോടുകളും പുഴകളും ജലാശയങ്ങളും ദിനംപ്രതി വരളുന്ന സാഹചര്യം കാർഷിക മേഖലക്ക് കനത്ത പ്രഹരമേൽപ്പിക്കുമ്പോൾ, പാടശേഖര സമിതികൾക്കും ആശങ്കയേറുന്നു.
വാഴാനി, പൂമല, പത്താഴക്കുണ്ട്, തൂവാനം, ചാത്തൻചിറ തുടങ്ങിയ ജലാശയങ്ങളിൽ വെള്ളത്തിന്റെ തോത് ശരാശരി പോലുമില്ല. കനത്ത ചൂടിൽ ഇടവിട്ടുള്ള മഴ ലഭിക്കുമെന്ന കാലാവസ്ഥ പ്രവചനവും അസ്ഥാനത്താകുന്ന വേളയിൽ പരമ്പരാഗത നെൽകർഷകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. പരമ്പരാഗത കൃഷികൾ അവലംഭിക്കാറുള്ളവർ സാഹചര്യമനുസരിച്ചാണ് നെൽകൃഷിയിൽ വ്യാപൃതരാകുന്നത്.
പാടശേഖരങ്ങൾക്ക് സുഭിക്ഷമായി വെള്ളം ലഭ്യമായെങ്കിൽ മാത്രമേ പരമ്പരാഗത കൃഷി സമ്പ്രദായത്തിലേക്ക് നെൽ കർഷകർ ഇറങ്ങി തിരിക്കാറ്. ഓരോ വർഷവും പിന്നിടുമ്പോഴും, ശരാശരി മഴ പോലും ലഭിക്കാത്തതിനാൽ ഉപജീവനം പോലും ധർമ്മസങ്കടത്തിലാണ്.
പഴയ തലമുറയുടെ കാലം കഴിഞ്ഞാൽ നെൽകൃഷി നാമമാത്രമാകും.
പുതുതലമുറ തീരെ പ്രതീക്ഷ ലഭിക്കാത്ത ഈ മേഖല വിട്ട് മറ്റു മേച്ചിൽ പുറം തേടി പോകുന്ന അവസ്ഥ സംജാതമാകുകയാണ്. പുഴകളിലും, തോടുകളിലും വെള്ളത്തിന്റെ അഭാവത്തിൽ പച്ചക്കറി തോട്ടങ്ങൾ വാടി തളരുകയാണ്. ചൂടിന്റെ കാഠിന്യം നാൾക്കുനാൾ വർധിക്കുന്നതിനാൽ കുടിവെള്ളം കിട്ടാക്കനിയാകുമോയെന്ന ആശങ്കയും നിഴലിക്കുന്നു.
കിണറുകളിലെ വെള്ളമെല്ലാം താഴേക്ക് വലിയുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നഗരസഭ കുട്ടിവെള്ള വിതരണ പദ്ധതി ആവിഷ്കരിച്ചതിനാൽ അൽപം ആശ്വാസമുണ്ടെങ്കിലും പ്രകൃതിദത്തമായ മഴ ലഭിച്ചാലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുകയുള്ളൂവെന്ന് പരമ്പരാഗത നെൽ കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.