വടക്കാഞ്ചേരി: ഇ-മാലിന്യം ശേഖരിക്കാനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ. വീടുകളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് മാലിന്യം ഇനി തലവേദനയാകില്ല. പണം നൽകി ഹരിതകർമസേന മുഖേന ഇവ ഒഴിവാക്കാം. നഗരസഭയും എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളും ചേർന്നാണ് നേതൃത്വം നൽകുന്നത്. പദ്ധതി പരീക്ഷിച്ചശേഷം സംസ്ഥാനത്താകെ ഇ-മാലിന്യ ശേഖരണ നയം സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം. ഹരിത കർമ സേന ശേഖരിക്കുന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പദ്ധതി ഈമാസം 20ന് തുടങ്ങും.
ഇ-മാലിന്യം കത്തിക്കുകയോ അംഗീകാരമില്ലാത്ത ഏജൻസികൾക്ക് നൽകുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ഒരു ലക്ഷ്യം. കത്തിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും അപകടമാണ്. അംഗീകാരമില്ലാത്ത ഏജൻസികളോ വ്യക്തികളോ എടുക്കുമ്പോൾ അവർക്കാവശ്യമുള്ളത് ഒഴികെ ബാക്കി ജലാശയങ്ങളിലോ പൊതുഇടങ്ങളിലോ വലിച്ചെറിയും. ഇതും പരിസ്ഥിതിക്ക് ദോഷമാണ്. ഇ-മാലിന്യത്തിന് തൂക്കത്തിനാണ് യൂസർ ഫീ നൽകേണ്ടത്.
ഇതിന് മുന്നോടിയായി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനി മുഖേന പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ഷീല മോഹൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ജമീലാബി, സ്വപ്ന ശശി, കൗൺസിലർമാരായ എ.ഡി. അജി, കെ.എ. വിജീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദിക്കുൽ അക്ബർ, സി.ഡി.എസ് ചെയർപേഴ്സൻ സിന്ധു പ്രകാശ് എന്നിവർ പങ്കെടുത്തു. ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൻ സി.പി. കാർത്തിക പരിശീലനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.