വടക്കാഞ്ചേരി: ജ്വല്ലറികളിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്ന യുവതി അറസ്റ്റിൽ. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് വീട്ടിൽ സുജിതയെയാണ് (30) വടക്കാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. ഓട്ടുപാറയിലെ ജ്വല്ലറിയിൽനിന്ന് മാല വാങ്ങാനെന്ന വ്യാജേനയെത്തി മാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ജ്വല്ലറിയിൽ കുട്ടിയുമായി വന്ന യുവതി മാലകൾ തെരഞ്ഞെടുക്കുന്നതിനിടയിൽ ഒരെണ്ണം മോഷ്ടിക്കുകയായിരുന്നു.
പിന്നീട് ഇതിൽനിന്ന് തെരഞ്ഞെടുത്ത മറ്റൊരു മാല ജീവനക്കാരനെ കാണിച്ച് ബില്ല് തയാറാക്കാൻ പറഞ്ഞ് പുറത്ത് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാമിന്റെ സ്വർണമാല കാണാതായത് ശ്രദ്ധയിൽപെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണം നടത്തിയത് സ്ത്രീ ആണെന്നും ഒരാൺകുട്ടിയുമായി വന്നാണ് മോഷണം നടത്തിയതെന്നും കണ്ടെത്തി.
ജ്വല്ലറി മാനേജരുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചെറുതുരുത്തിയിൽനിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മൊബൈൽ ഫോണിൽ ഓൺലൈൻ ലൂഡോ കളിച്ച് നഷ്ടപ്പെട്ട പണം സ്വരൂപിക്കാനാണ് മോഷണമെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ തൃശൂർ വടക്കേ ബസ് സ്റ്റാൻഡ്, വാണിയംകുളം ബസ് സ്റ്റോപ്പിന് സമീപം, ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപം, ആലത്തൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പട്ടാമ്പി ബസ് സ്റ്റാൻഡിന് സമീപമുള്ള ജ്വല്ലറിയിൽ വിൽപന നടത്തിയെന്നും യുവതി സമ്മതിച്ചു.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ടി.സി. അനുരാജ്, എ.എസ്.ഐ ഹുസൈനാർ, സീനിയർ സി.പി.ഒമാരായ ഇ.എസ്. സജീവ്, സിംസൺ പ്രസാദ്, ടി.യു. ഗീത, പി.ആർ. ബിസ്മിത, സി.പി.ഒ പ്രവീൺ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.