representational image

നിയമസഭ മണ്ഡലംതല അവലോകന യോഗം ചേർന്നു; പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും

വടക്കാഞ്ചേരി: നിയമസഭ മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ അവലോകന യോഗം നടത്തി. രണ്ടാം തവണയാണ് യോഗം ചേരുന്നത്. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മുണ്ടത്തിക്കോട്, അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തും.

മുണ്ടത്തിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമാണ പ്രവൃത്തി ഇതിനകം ആരംഭിച്ചു. 1.43 കോടി രൂപ എൻ.എച്ച്.എം ഫണ്ട് കൂടി ലഭ്യമായിട്ടുള്ള അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി വരുന്നു.

തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഹെൽത്ത് ഗ്രാന്റായി ലഭിച്ചിട്ടുള്ള 39.73 ലക്ഷം രൂപ കൂടി ഇവിടെ ചെലവഴിക്കും. ഈ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാകും.

മുണ്ടത്തിക്കോട് എഫ്.എച്ച്.സിയുടെ വികസനത്തിനായി 1.43 കോടി രൂപ അനുവദിക്കാൻ നിർദേശം സമർപ്പിച്ചിട്ടുണ്ട്. മുണ്ടൂർ, അടാട്ട്, തെക്കുംകര, പാമ്പൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായും പ്രൊപ്പോസൽ സമർപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.

സബ് സെന്ററുകളെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാക്കി ഉയർത്തുന്ന പ്രവർത്തനം തുടങ്ങി. മണ്ഡലത്തിൽ പേരാമംഗലം, തിരൂർ, അടാട്ട്, പോട്ടോർ എന്നീ സബ് സെന്ററുകൾ ഏഴുലക്ഷം രൂപ വീതം ചെലവഴിച്ച് ഇതിനകം തന്നെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാക്കി ഉയർത്തിയിട്ടുണ്ട്. 

വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി

1.52 കോടി രൂപ ചെലവഴിച്ചുള്ള ഒ.പി ട്രാൻസ്ഫോർമേഷനായി ജില്ല ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ച് നിർമാണ പ്രവൃത്തി ആരംഭിക്കാൻ വളപ്പിലെ മണ്ണെടുക്കാൻ ധാരണയായി. കലക്ടർ മണ്ണ് എടുക്കാനാവശ്യമായ അനുമതി നൽകിയിരുന്നു.

നിർമാണ ഏജൻസിയായ വാപ്കോസും കരാറുകാരനും കെ.എൽ.ഡി.സി പ്രതിനിധികളും യോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 21നു മുമ്പായി മണ്ണെടുത്ത് അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ച് നിർമാണോദ്ഘാടനം നടത്താൻ ധാരണയായി.

ലേബർ റൂം സ്ട്രെങ്ത്തനിങ് പ്രവൃത്തി നവംബർ മാസത്തിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ കർശന നിർദേശം നൽകി. ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്താൻ നടപടികൾ സ്വീകരിക്കണം.

ഇതിനായി ഉണ്ടാക്കിയ ധാരണ പ്രകാരം ഡയാലിസിസ് ഷിഫ്റ്റ് വർധിപ്പിക്കാനായി തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ ജില്ല ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട ആയുർവേദ -ഹോമിയോ വിഭാഗങ്ങളുടെ പ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു. അവലോകന യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷനായി.

ഡെപ്യൂട്ടി കലക്ടർ എം.സി. ജ്യോതി, ആർദ്രം മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. നിബിൻ കൃഷ്ണ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ജോസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാർ, കോലഴി ഗ്രാമപഞ്ചായത്ത് ലക്ഷ്മി വിശ്വംഭരൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബിജു തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Legislative Constituency Review Meeting held-Primary health centers will be converted into family health centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.