വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ വ്യാഴാഴ്ച പ്രതിഷേധങ്ങളുടെ ദിനം. ലോറികൾ നിർത്തിയിട്ടതിനെ തുടർന്ന് ടോൾ പിരിവ് മുടങ്ങി. പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നു. രാവിലെ പ്രദേശവാസികൾക്ക് അനുവദിച്ച ഇളവ് പിൻവലിച്ച കരാർ കമ്പനി ടോൾ പിരിക്കാൻ ശ്രമം നടത്തി. എന്നാൽ, നാട്ടുകാർ ഒന്നാകെ എതിർപ്പുമായി രംഗത്തെത്തിയതോടെ കമ്പനി പിന്മാറി. നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാൻ തീരുമാനിച്ചത്.
ഇതിനിടെ ടോറസ് ലോറിയിൽനിന്ന് ടോൾ പിരിക്കുന്നതിനിടെ ലോറികൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. ടോൾ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതോടെ ടോൾ പിരിവ് പൂർണമായി മുടങ്ങി. പകൽ 11 മുതൽ തുടങ്ങിയ പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. ഇരുവശത്തുമായി മുന്നൂറോളം ലോറികളാണ് നിൽക്കുന്നത്. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
സമരക്കാരുമായി നിരവധി തവണ സംസാരിച്ചെങ്കിലും വഴങ്ങാൻ തയാറായില്ല. അവസാനം ടോൾ നൽകാതെ കടത്തിവിടാമെന്ന് കരാർ കമ്പനി ടോറസ് ഉടമകളോട് അറിയിച്ചെങ്കിലും വാഹനങ്ങൾ എടുത്തില്ല. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. ടോൾ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകളുടെ കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.