വടക്കാഞ്ചേരി: അഷ്റഫിനെ ആദരിക്കാൻ അഷ്റഫ് കൂട്ടായ്മയെത്തി. കാലിെൻറ വൈകല്യം മറന്ന് സൈക്കിളിൽ ലോകത്തിലെ ഉയരയിടങ്ങൾ കീഴടക്കിയ പാർളിക്കാട് പത്താംകല്ല് തെക്കെപുറത്തു വളപ്പിൽ മുഹമ്മദ് അഷറഫ് (35) എന്ന മുത്തുവിനെ യു.എ.ഇ ആസ്ഥാനമായ അഷ്റഫ് കൂട്ടായ്മ അദ്ദേഹത്തിെൻറ വസതിയിലെത്തി ആദരിച്ചു.
ചലനശേഷിയറ്റ വലതുകാൽപാദവുമായി തൃശൂരിൽനിന്ന് സൈക്കിൾ ചവിട്ടി കിലോമീറ്ററുകൾ താണ്ടിയ അഷ്റഫ് സമുദ്രനിരപ്പിൽനിന്ന് 18,000 അടിയോളം ഉയരമുള്ള ഖർദുങ് ലാ കീഴടക്കിയത് ജനശ്രദ്ധ നേടിയിരുന്നു.
പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കു ന്ന 18,860 അടിവരുന്ന ലോകത്തിലെ ഏറ്റവും ഉയരയിടത്തിലുള്ള ഗതാഗതയോഗ്യമായ റോഡായ കേലാ ചുരവും 19,300 അടി ഉയരമുള്ള ഉംലിംഗ് ലാപാസുമൊക്കെ കീഴടക്കിയിരുന്നു. യുവാവിനെ പൊന്നാടയണിച്ച് മെമേൻറായും ഉപഹാരവും നൽകിയ കൂട്ടായ്മ ഡിസംബറിൽ യു.എ.ഇയിൽ നടക്കുന്ന പരിപാടിയിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്തു.
ആദരിക്കൽ ചടങ്ങ് അഷ്റഫ് കൂട്ടായ്മ യു.എ.ഇ പ്രസിഡൻറ് അഷ്റഫ് പുത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഷ്റഫ് വടക്കാഞ്ചേരി അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽനിന്നുള്ള അഷ്റഫ് നാമധേയരും ചടങ്ങിൽ കണ്ണികളായി.
ഒന്നര വയസ്സുമുതൽ അപകടങ്ങളുടെ പരമ്പരയാണ് അഷ്റഫിെൻറ ജീവിതത്തിൽ സംഭവിച്ചത്. ഏഴുവർഷം പൂർണമായും കിടപ്പുതന്നെയായിരുന്നു. നാലുവർഷം മുമ്പുണ്ടായ അപകടത്തിൽ വലതുപാദം അറ്റു. അഷ്റഫിെൻറ നിർബന്ധത്തെ തുടർന്ന് അന്നത് തുന്നിച്ചേർത്തു. പക്ഷേ പത്തടി തികച്ചു നടക്കാനാകില്ല.
എന്നിട്ടും ചലനശേഷി എന്നന്നേക്കുമായി നഷ്ടമായ വലതുകാൽ വെച്ച് ഇടത്തെ കാലിനു മാത്രം ബലം കൊടുത്ത് ഇടുക്കി, മൂന്നാർ, വയനാട്, ഊട്ടി പോലുള്ള ദക്ഷിണേന്ത്യയിലെ മികച്ച ഹിൽ സ്റ്റേഷനുകളിൽ സൈക്കിൾ ചവിട്ടിക്കയറിയിട്ടുണ്ട് ഇദ്ദേഹം. അതിനുശേഷമാണ് ലോകത്തിലെ ഉയരമുള്ള ഇടങ്ങൾ കീഴടക്കി സ്വപ്ന നേട്ടം കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.