വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ ‘പുലിപ്പേടി’. പഴയന്നൂപ്പാടം - കൊളത്താശ്ശേരി വട്ടുപുറത്ത് ഷാബുവിന്റെ മകൾ ജിസ്ന കഴിഞ്ഞ ദിവസം രാത്രിയാണ് പുള്ളി പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. വീടിന് പിൻവശത്തുള്ള കോഴി ഫാമിനടുത്താണ് ജീവിയെ കണ്ടത്. ഉടൻ ടോർച്ച് തെളിയിച്ച് ശബ്ദമുണ്ടാക്കി പരിസരവാസികളെയടക്കം വിളിച്ചുണർത്തി യപ്പോഴേക്കും പരിസരത്തുള്ള റബർ തോട്ടത്തിലേക്ക് കയറി പോയി.
വിവരമറിയിച്ചതിനെ തുടർന്ന് മച്ചാട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.വിനോദും സംഘവും സംഭവ സ്ഥലം പരിശോധിച്ചു. പുള്ളിപ്പുലിയല്ലെന്നും കാട്ടുപൂച്ച ഇനത്തിൽ പെട്ടതാണെന്നും ആകാര വടിവു കൊണ്ട് പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിക്കാറുള്ളതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഭയപെടേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും നാട്ടുകാർ ഭീതിയിലാണ്.
കുറ്റിക്കാട് കദളിക്കാട്ടിൽ ബാബുവിന്റെ വീട്ടിലും കഴിഞ്ഞ ദിവസം സമാന സംഭവം ഉണ്ടായി. ഇവിടെ ഒന്നിടവിട്ട് വളർത്തു നായ്ക്കളേയും പിടിച്ചു ഭക്ഷിച്ചു. നായ്ക്കൾ ഇടതടവില്ലാതെ കുരക്കുന്നത് കണ്ട് ടോർച്ചടിച്ചപ്പോഴാണ് ജീവിയുടെ സാന്നിധ്യം അറിഞ്ഞത്. കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങി വന്ന വഴിയിലൂടെയാണത്രെ ഇവയും വന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കാൻ നടപടിയെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വാർഡംഗം ഷൈബി ജോൺസൺ, നാട്ടുകാരായ രാജൻ മേളത്ത്, ജേക്കബ് മണ്ടോളി തുടങ്ങിയവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.