വടക്കാഞ്ചേരി: മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന അന്തർ ജില്ല മോഷണ സംഘത്തിലെ മൂന്നുപേർ പിടിയിൽ. കണിമംഗലം വട്ടപ്പിന്നി പുളിക്കപറമ്പിൽ മുഹമ്മദ് ഇസ്ര (18), ഒല്ലൂക്കര പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദ് ബിലാൽ (18), പനമുക്ക് കറുപ്പംവീട്ടിൽ മുഹമ്മദ് യാസിൻ (18) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുണ്ടുകാട് സെന്ററിലെ കടയിൽനിന്ന് 6000 രൂപയും 4000 രൂപ വിലവരുന്ന സാധനങ്ങളും മോഷ്ടിച്ചതിനാണ് അറസ്റ്റ്.
അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങിനടന്ന് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി. സംഭവ സ്ഥലത്തും പരിസരങ്ങളിലും നിരവധി സി.സി.ടി.വികൾ പരിശോധിച്ചും മൊബൈൽ ടവർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കൊടകര, കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു. സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്നും ഇയാളെക്കുറിച്ചും സൂചനകൾ ലഭിച്ചെന്നും പൊലീസ് അറിയിച്ചു. ഒല്ലൂർ, നെടുപുഴ, ഈസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇവർക്കെതിരെ മോഷണം, പിടിച്ചുപറി തുടങ്ങി കേസുകളുണ്ട്.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ടി.സി. അനുരാജ്, സാബു തോമസ്, സീനിയർ സി.പി.ഒമാരായ അരുൺകുമാർ, കെ.എസ്. സജീവ്, ഇ.എസ്. സിംസൺ, ഷൈനോജ്, സി.പി.ഒമാരായ ഷൈജു, സിറിൾ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.