വടക്കാഞ്ചേരി: പൊടിപ്പാറ കോളനി മുതൽ വെടിപ്പാറ വരെ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത സഞ്ചാര ദുഷ്കരം. അത്താണിയിൽനിന്നും തിരിഞ്ഞ് വിനോദ സഞ്ചാരികളുടെ ഹരമായ ചെപ്പാറ, പൂമല ഡാം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിന്റെ അവസ്ഥ പരിതാപകരമാണ്. വിദേശികൾ ഉൾപ്പെടെ ഇവിടേക്ക് വരുന്ന സാഹചര്യത്തിൽ സുഖമമായ സഞ്ചാരത്തിന് റോഡ് പോലും ഇല്ലാത്ത സ്ഥിതിയാണ്.
നാമമാത്രമായ റോഡിൽ പുഴക്ക് സമാനമായ വെള്ളക്കെട്ടും. ഇത് താണ്ടി വേണം സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സഞ്ചാരം. വാഹനങ്ങൾ ശ്രദ്ധിച്ച് പോയില്ലെങ്കിൽ തെന്നി മറിയാൻ സാധ്യതയുണ്ട്. വർഷങ്ങളായി ഈ റോഡ് ഗതാഗത യോഗ്യമല്ല. അത്യാസന്ന നിലയിലായ രോഗികളേയും കൊണ്ട് ആശുപത്രിയിൽ പോകേണ്ട അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.
തെക്കുംകര പഞ്ചായത്ത് പരിധിയിലാണെങ്കിലും ജില്ല പഞ്ചായത്തിനാണത്രെ പൂർണാധികാരം. പഞ്ചായത്തും വാർഡംഗവും ശ്രമിക്കുന്നുണ്ടെങ്കിലും നവീകരണം ഇഴയുകയാണ്. 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജില്ല പഞ്ചായത്തിന് നൽകിയെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചില്ലെന്ന് പറയുന്നു. മഴ ശക്തമാകുമ്പോൾ ഇതുവഴി ഗതാഗതം സാഹസമാണ്.
അണ്ടത്തോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന സർവിസ് റോഡിൽ വെള്ളക്കെട്ടുയർന്ന് യാത്രക്കാർ ദുരിതത്തിലായി. പെരിയമ്പലം ഭാഗത്തെ സർവിസ് റോഡാണ് വെള്ളക്കെട്ടിലായത്.
വെള്ളം ഒഴുകി പോകാൻ വലിയ കാന നിർമിച്ചിട്ടുണ്ടെങ്കിലും വെള്ളം കാനയിലേക്ക് ഒഴുകി പോകാത്തതാണ് പ്രശ്നമായത്. കാനക്ക് സമീപത്ത് കുഴികൾ രൂപപ്പെട്ടതിനാൽ അപകട സാധ്യതയുമുണ്ട്. കെട്ടി നിൽക്കുന്ന വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകി മുറ്റവും പരിസരവും ചളി നിറയുന്നതായും ആക്ഷേപമുണ്ട്. സർവിസ് റോഡിന്റെ നിർമാണം പൂർത്തിയായിട്ടില്ല. മഴ ഇനിയും ശക്തമായാൽ വെള്ളക്കെട്ട് ഉയരുമെന്ന ആശങ്കയിലാണ് പരിസരവാസികൾ.
കയ്പമംഗലം: മഴ കനത്തതോടെ വർഷങ്ങളായി തകർന്നുകിടക്കുന്ന കയ്പമംഗലം ബോർഡ്-കമ്പനിക്കടവ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നാണ് ബോർഡ്-കമ്പനിക്കടവ് റോഡ്. ദേശീയപാതയിൽനിന്ന് ബീച്ചിലേക്ക് പോകുന്ന രണ്ട് കിലോമീറ്ററിലധികം നീളമുള്ള റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്.
മഴ കനത്തതോടെ റോഡിലെ കുണ്ടിലും കുഴിയിലും വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ച ഭാഗം കല്ലിട്ട് നികത്തിയെങ്കിലും മഴ പെയ്തതോടെ കുഴികൾ രൂപപ്പെട്ട നിലയിലാണ്. കമ്പനിക്കടവ് ബീച്ച്, കയ്പമംഗലം പൊലീസ് സ്റ്റേഷൻ, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം, കൂരിക്കുഴി എ.എം.യു.പി സ്കൂൾ, ഹിറ സ്കൂൾ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലേക്കുള്ള റോഡാണിത്.
റോഡിലെ കുഴികളിൽ പഞ്ചായത്ത് ക്വാറി വേസ്റ്റിട്ട് അടച്ചെങ്കിലും പരിഹാരമായില്ല. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാര കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, റോഡിന്റെ റീ ടാറിങ്ങിന് പണം വകയിരുത്തിയിട്ടുണ്ടെന്നും മഴക്കാലത്തിന് ശേഷം പണി പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.