ബാർട്ടൺഹിൽ അനിൽ കൊലപാതകം: രണ്ട്​ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ഒന്നാംപ്രതിക്ക്​ 15 വർഷത്തേക്ക്​ പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകരുതെന്ന് കോടതി തിരുവനന്തപുരം: ബാർട്ടൺ ഹില്ലിൽ ഓട്ടോറിക്ഷാ ഡ്രൈവർ അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾക്ക്​ ജീവപര്യന്തം കഠിനതടവും 1,45,000 രൂപ പിഴയും. ഒന്നാം പ്രതി ജീവൻ എന്ന വിഷ്‌ണുവിന് ജീവപര്യന്തം കഠിനതടവും 1,05,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി മനോജിന് ജീവപര്യന്തം കഠിനതടവും 40,000 രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്​. ഒന്നാംപ്രതി ജീവന്‍റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് 15 വർഷത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. കൊല്ലപ്പെട്ട അനിൽകുമാറിന്‍റെ ഭാര്യക്ക് ഇരക്കുള്ള നഷ്ടപരിഹാര നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ സർക്കാറിന്​ നിർദേശം നൽകണമെന്നും ഉത്തരവിൽ പരാമർശിക്കുന്നു. വിചാരണവേളയിൽ കൂറുമാറിയ എട്ടു സാക്ഷികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും കോടതി നിർദേശിച്ചു. തിരുവനന്തപുരം നാലാം അഡീ. ജില്ല ജഡ്ജി കെ. ലില്ലിയുടേതാണ് ഉത്തരവ്. നേരത്തേ കേസിലെ മൂന്നും നാലും പ്രതികളായ മേരി രാജൻ, രാജേഷ് എന്നിവരെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടിരുന്നു. കൊല്ലപ്പെട്ട അനിൽകുമാറിന്‍റെ സഹോദരനടക്കമുള്ള ദൃക്‌സാക്ഷികളായ രതീഷ്, മാത്യു എബ്രു, പൊന്നച്ചൻ, രഞ്ജിത്ത്, ജോണിക്കുട്ടി, ജോസ്, അൽഫോൺസ് എന്നീ എട്ടു സാക്ഷികൾക്ക് കർശന നിയമനടപടി വേണമെന്ന് ജില്ല ഗവണ്മെന്റ് പ്ലീഡർ വെമ്പായം എ.എ. ഹക്കീമിന്‍റെ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. 2019 മാർച്ച്‌ 24ന് രാത്രി 11നാണ് ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്ന അനിൽകുമാറിനെ ബാർട്ടൺഹിൽ ലോ കോളജ് ജങ്​ഷനിൽവെച്ച്​ കൊലപ്പെടുത്തിയത്. പ്രതികൾക്ക് കൊല്ലപ്പെട്ട അനിൽകുമാറിനോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കേസ്. 96 സാക്ഷികൾ, 107 രേഖകൾ, 142 തൊണ്ടിവകകൾ എന്നിവ അടങ്ങിയ 500 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജി. സുനിൽ 118 ദിവസം കൊണ്ട് കോടതിയിൽ സമർപ്പിച്ചത്. മ്യൂസിയം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തപ്പോൾ കേസിൽ രണ്ട് പ്രതികളായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഒന്നാം പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച രണ്ടുപേരെക്കൂടി അന്വേഷണസംഘം പ്രതി ചേർത്തത്​. എന്നാൽ, ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടത്​ മൂലമാണ്​ അവരെ വെറുതെവിട്ടത്​. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.