ആറ്റിങ്ങല്‍: നഗരസഭയുടെ അറവുശാല നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി. ഇവിടെ ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല നിര്‍മിക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചായെങ്കിലും നടപടികള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല. നിലവിലുള്ള കെട്ടിടം നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിന്റെ ഭിത്തികളില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. ആലുള്പ്പെടെ പല വൃക്ഷങ്ങളും ഭിത്തികളില്‍ വളര്‍ന്ന് നിൽക്കുന്നു.
ചിറയിന്‍കീഴ് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ആടുമാടുകളെ കശാപ്പ് ചെയ്യാന്‍ ആറ്റിങ്ങല്‍ ചന്തയിലെ അറവുശാലയിലാണ് എത്തിച്ചിരുന്നത്. ഇതിലൂടെ നഗരസഭക്ക് നല്ല വരുമാനവും ലഭിച്ചിരുന്നു. സൗകര്യങ്ങള്‍ കുറവായതോടെ കശാപ്പിന് മൃഗങ്ങളെ ഇവിടേക്ക് കൊണ്ടുവരാന്‍ ആളുകള്‍ മടിച്ചു. ഇതോടെ പ്രാദേശികമായി അനധികൃത കശാപ്പുകേന്ദ്രങ്ങള്‍ പെരുകുകയും ചെയ്തു.
വളരെക്കാലമായുള്ള ആവശ്യത്തെത്തുടര്‍ന്ന് ചന്തക്കുള്ളില്‍ അന്താരാഷ്ട്രനിലവാരമുള്ള അറവുശാല നിര്‍മിക്കുമെന്ന് 2020ലാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. എല്ലാവര്‍ഷവും നഗരസഭ ബജറ്റില്‍ ഈ പദ്ധതി എടുത്തുപറയുകയും ചെയ്യുന്നുണ്ട്. താലൂക്കില്‍ ധാരാളം മാംസവ്യാപാരകേന്ദ്രങ്ങളുണ്ട്. അനധികൃത കശാപ്പ് ശാലകളില്‍നിന്നുള്ള മാംസമാണ് ഇവിടങ്ങളില്‍ വിൽക്കുന്നത്. മൃഗഡോക്ടര്‍ രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങളെ മാത്രമാണ് നഗരസഭയുടെ അറവുശാലയില്‍ കശാപ്പ് ചെയ്യുന്നത്. അനധികൃത കശാപ്പുശാലകളില്‍ ഇത്തരം പരിശോധനകളോ സാക്ഷ്യപ്പെടുത്തലുകളോ ഇല്ല. ഇതുനിമിത്തം രോഗം ബാധിച്ച ഉരുക്കളെയും പലയിടത്തും കശാപ്പുചെയ്യുന്നുണ്ട്. ആറ്റിങ്ങലിലെ അറവുശാല നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.