ജനഹൃദയം കീഴടക്കി കനകക്കുന്നിലെ മെഗാ പ്രദര്‍ശനമേള

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണനമേള ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമാകുന്നു. കോവിഡ് മഹാമാരിയുടെ പൂര്‍ണമായ അടച്ചിടലിനുശേഷം വലിയൊരു വിപണിയാണ് കനകക്കുന്നില്‍ ഒരുങ്ങിയിട്ടുള്ളത്. വിപണനത്തിനൊപ്പം സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കിയിരിക്കുന്നുവെന്നതാണ് മേളയെ ആകര്‍ഷകമാക്കുന്നത്. യഥേഷ്ടം സമയമെടുത്ത്, പ്രദര്‍ശനനഗരി ചുറ്റിക്കണ്ട്, ഫുഡ് സ്റ്റാളിലും കയറിയ ശേഷം കലാപരിപാടികളും ആസ്വദിച്ചാണ് ആളുകള്‍ മടങ്ങുന്നത്. വിനോദസഞ്ചാരവകുപ്പ്, ജയില്‍ വകുപ്പ്, കിഫ്ബി എന്നിവരുടെ സ്റ്റാളുകളും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം പവലിയനും സെല്‍ഫി പോയന്റുകളായിക്കഴിഞ്ഞു. സേവന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും ഏറെക്കൂടുതലാണ്. ആധാര്‍ മുതല്‍ റേഷന്‍കാര്‍ഡുകള്‍ വരെയുള്ള സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നുണ്ട്. സൗജന്യമായി ആവശ്യങ്ങള്‍ നടത്താന്‍ കഴിയുന്നുവെന്നതാണ് സേവന കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നത്. കുടുംബശ്രീയുടെ സ്റ്റാളുകളില്‍ മികച്ച വില്‍പനയാണ് നടക്കുന്നത്. ഭക്ഷ്യവസ്തുകള്‍ക്ക് പുറ​െമ കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് സ്റ്റാളുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ കമ്പോളവില​െയക്കാള്‍ കുറഞ്ഞനിരക്കില്‍ ലഭിക്കുന്നത് ആകര്‍ഷണീയമാണ്. കൃഷിവകുപ്പിന്റെ സസ്യത്തൈകളുടെയും വിത്തുകളുടെയും വിൽപന പൊടിപൊടിക്കുന്നു. രാവിലെ പത്തു മുതല്‍ ആരംഭിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. ജൂണ്‍ രണ്ടുവരെയാണ് മേള നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.