ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ സി.പി.ഐയുടെ പള്ളിയറ ശശി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രയും നിലവിലെ വൈസ് പ്രസിഡൻറുമായ ശ്രീജക്ക് എട്ട് വോട്ടും പള്ളിയറ ശശിക്ക് 12 വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പിൽ പള്ളിയറ ശശിയുടെ പേര് സി.പി.ഐ അംഗം സുജിത നിർദേശിക്കുകയും സി.പി.എമ്മിലെ മനോജ് പിന്താങ്ങുകയും ചെയ്തു. ശ്രീജയുടെ പേര് ബി.ജെ.പി അംഗം ഷൈനി നിർദേശിക്കുകയും ലീലാമ്മ പിന്തുണക്കുകയും ചെയ്തു. കോൺഗ്രസ് കൂടി പിന്തുണച്ചതോടെയാണ് പള്ളിയറ ശശി വിജയമുറപ്പിച്ചത്. പൊതു മരാമത്ത് റോഡ് വിഭാഗം അസി. എക്സി. എൻജിനീയർ എം.എസ്. അരവിന്ദ് വരണാധികാരിയായിരുന്നു.
ബി.ജെ.പിയും കോൺഗ്രസും കൊണ്ടുവന്ന അവിശ്വാസത്തിലാണ് എൽ.ഡി.എഫിലെ സി.പി.എമ്മിന് പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടത്. ആ സ്ഥാനത്തേക്ക് ബി.ജെ.പി വന്നാൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് വിരുദ്ധ വികാരം സൃഷ്ടിക്കപ്പെടുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പ്രവർത്തകർ സി.പി.ഐ പ്രസിഡൻറ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി ഏഴ്, കോൺഗ്രസ് അഞ്ച്, സി.പി.എം നാല്, സി.പി.ഐ രണ്ട്, സ്വതന്ത്രൻ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ സ്വതന്ത്രരുടെ കൂടി പിന്തുണയിലാണ് നേരത്തേ എൽ.ഡി.എഫ് ഭരണത്തിൽ തുടർന്നത്. പ്രസിഡൻറ് പദവി സി.പി.എം-സി.പി.ഐ കക്ഷികൾ പങ്കിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ, രണ്ടര വർഷം കഴിഞ്ഞിട്ടും സി.പി.ഐക്ക് പ്രസിഡൻറ് സ്ഥാനം വിട്ടുനൽകാൻ സി.പി.എം തയാറായില്ല. ഇതോടെ, സി.പി.ഐ ഇടയുകയും മുന്നണി വിടുകയും അവർ വഹിച്ചിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഭരണപക്ഷ പ്രതിസന്ധി മുതലെടുത്ത് ബി.ജെ.പിയും കോൺഗ്രസും അവിശ്വാസ നോട്ടീസ് നൽകിയത്. ഇതോടെ, സി.പി.എം പ്രസിഡൻറ് പുറത്തായി. നിലവിൽ ഒരു സ്വതന്ത്ര ബി.ജെ.പിക്ക് അനുകൂലമാണ്. വൈസ് പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന ഇവർക്കെതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.