ആര്യനാട്: സ്കൂൾ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 12 വിദ്യാർഥികൾക്കും ജീവനക്കാരിക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെ നെടുമങ്ങാട് കൈരളി സ്കൂളിലെ ബസാണ് ആര്യനാട് പള്ളിവേട്ട കടുവാക്കുഴി ജമാഅത്തിനു സമീപമുള്ള മരത്തിലിടിച്ചത്.
വിദ്യാർഥികളായ വൈഷ്ണവി (12), ഹരികൃഷ്ണൻ (അഞ്ച്), മുഹമ്മദ് സയാൻ (ഏഴ്), വിജിനേഷ് (11), ഷെഫിൻ (ഏഴ്), ഹരിഗോവിന്ദ് (ഒമ്പത്), അമേയ (ഒമ്പത്), സഫർഖാൻ (12), ഗോപിക (15), തേജസ് (12), വൈഗ രാജേഷ് (12), ദിയാ രാജ് (ഏഴ്), സ്കൂള്‍ ജീവനക്കാരി സജല (54) എന്നിവർക്കാണ് പരിക്കേറ്റത്.
ആരുടെയും നില ഗുരുതരമല്ല. എന്നാല്‍, ആര്യനാട് ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്കുശേഷം കൂടുതല്‍ പരിക്കേറ്റ വിഘ്നേഷിനെ എസ്.എ.ടി ആശുപത്രിയിലും സജലയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കടുവാക്കുഴി മുസ്ലിം പള്ളിയുടെ കാണിക്ക വഞ്ചിക്ക് സമീപമാണ് കൂറ്റൻ മരത്തിൽ വാഹനമിടിച്ചു നിന്നത്.
ഇടിയുടെ ആഘാതത്തിൽ മരത്തോട് ചേര്‍ന്ന് നിന്ന കെ.എസ്.ഇ.ബിയുടെ 11 കെ.വി വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. ആര്യനാട് പൊലീസ് തുടർനടപടി സ്വീകരിച്ചു. വിവരമറിഞ്ഞ് രക്ഷിതാക്കളും സ്കൂൾ അധികൃതരും ആര്യനാട് ആശുപത്രിയിലെത്തി. ജി. സ്റ്റീഫൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ഷാജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. രതീഷ്, അനിൽകുമാർ, ശ്രീജ എന്നിവർ ആശുപത്രിയിലെത്തി.
കയറ്റമുള്ള റോഡിൽ അമിതവേഗത്തിലെത്തിയ ബസ് പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പോത്തൻകോട്: ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു പോത്തൻകോട് സെൻറ് തോമസ് സ്കൂളിലെ വിദ്യാർഥികൾഡക്ക് പരിക്ക്. കാലിന് ഗുരുതരമായി പരിക്കേറ്റ ഫായിസ് മുഹമ്മദിനെ (12) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫായിസിന്റെ കാലിൽ ഒടിവുണ്ട്. നിസാര പരിക്കേറ്റ മറ്റു കുട്ടികളെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഓട്ടോയിൽ പത്തോളംപേരുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ച 12ഓടെയായിരുന്നു അപകടം.
പോത്തൻകോട് അപകടത്തിൽപെട്ട ഓട്ടോ
സ്കൂളിൽനിന്ന് കുട്ടികളുമായി ഇറക്കം ഇറങ്ങി വരുമ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.
സംഭവം നടന്നയുടനെ നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് വിദ്യാർഥികളെ ആശുപത്രികളിലെത്തിച്ചു. ഓട്ടോക്കും കേടുപാടുകൾ സംഭവിച്ചു. പോത്തൻകോട് പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.