വര്‍ക്കല: അനധികൃത പാർക്കിങ്ങും വാഹനപ്പെരുപ്പവും കൊണ്ട് വര്‍ക്കല നഗരം ഞെരുങ്ങുന്നു. പാർക്കിങ് ഏരിയകളും സീബ്രാലൈനും സിഗ്നൽ സംവിധാനവും ഇല്ലാത്തത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുന്നു.
ഇരുചക്രവാഹനത്തിലോ കാൽനടയായോ നഗരത്തിലൂടെ സഞ്ചരിച്ച് സുരക്ഷിതമായി വീടണയാൻ ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. വാഹനങ്ങളുടെ പെരുപ്പം അനിയന്ത്രിതമായി തുടരുകയും നിർദിഷ്ട പാർക്കിങ് ഏരിയകൾ ഇല്ലാത്തതും വലിയ പൊല്ലാപ്പാവുന്നു.
റെയിൽവേ സ്റ്റേഷൻ മുതൽ വര്‍ക്കല ടൗണിലും പ്രധാന ഉപടൗണായ പുത്തൻചന്ത വരെയും റോഡുകളുടെ ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെയാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.
നഗരസഭയോ പൊതുമരാമത്ത് വകുപ്പോ നിശ്ചിത പാർക്കിങ് ഏരിയകൾ ക്രമീകരിക്കാത്തതിനാൽ റോഡ് വശങ്ങളിൽ വാഹനങ്ങള്‍ പാർക്ക് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. റോഡുവശങ്ങളിൽ ഇരുചക്രവാഹനപാർക്കിങ് വലിയ പ്രശ്നമാകുന്നില്ലെങ്കിലും സ്വകാര്യ ബസുകൾ, ടെമ്പോ ട്രാവലറുകൾ, വലുതും ചെറുതുമായ കാറുകൾ എന്നിവ നിറയുന്നത് വാഹനങ്ങളുടെ സുഗമമായ യാത്രക്ക് തടസ്സമുണ്ടാക്കുന്നു.
റെയില്‍വേ സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള റോഡുകള്‍ പുലർച്ച മുതൽ ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങളാല്‍ നിറയും. കാറുകൾ റോഡരികില്‍ തോന്നിയപോലെ നിര്‍ത്തിയിടുകയാണ്. ടൗണിന്റെ ഹൃദയഭാഗത്തുള്ള ബസ് സ്റ്റോപ്പുകളിൽ സ്വകാര്യബസുകൾ വളരെയധികം സമയം നിർത്തിയിടുന്നു.
സവാരി പ്രതീക്ഷിച്ചെത്തുന്ന ഓട്ടോകള്‍ കൂടിയാവുമ്പോൾ ഇവിടെ കുരുക്ക് മുറുകും. സ്റ്റോപ്പുകളിൽ ബസുകൾ നിർത്തിയിടരുതെന്ന് നഗരസഭയുടെയും റോഡ് ട്രാൻസ്സ്പോർട്ട് അതോറിറ്റിയുടെയും നിർദേശമുണ്ടെങ്കിലും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ജീവനക്കാർ. നടപടിക്ക് പൊലീസും ആർ.ടി അധികൃതരും മിനക്കെടാറുമില്ല.
റെയിൽവേ സ്റ്റേഷൻ നവീകരണം മൂലം സ്റ്റേഷന് മുന്നിലെ അനധികൃത പാര്‍ക്കിങ്ങും അപകടക്കെണിയായി. തീര്‍ഥാടന-വിനോദസഞ്ചാരകേന്ദ്രമായ വര്‍ക്കലയില്‍ ദിവസവും 25000 ലധികം പേരാണ് ട്രെയിൻ യാത്രക്കായി എത്തുന്നത്. ഭൂരിഭാഗം യാത്രക്കാരുടെയും വാഹനങ്ങളുടെയും പാര്‍ക്കിങ് റോഡരികിലാണ്. നവീകരണത്തെത്തുടർന്ന് നിയന്ത്രണങ്ങള്‍ മൂലം പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലമില്ല. അതിനാല്‍ സ്റ്റേഷന്റെ പ്രധാന കവാടംവരെ വാഹന പാര്‍ക്കിങ്ങുണ്ട്.
പ്രധാന റോഡിനൊപ്പം ഗുഡ്ഷെഡ് റോഡിലും വര്‍ഷങ്ങളായി ഈ അവസ്ഥയാണ്. വര്‍ക്കല-റെയില്‍വേ സ്റ്റേഷന് റോഡ്, വര്‍ക്കല ക്ഷേത്രം റോഡ്, പുത്തന്‍ചന്ത എന്നിവിടങ്ങളിലും റോഡരികില്‍ അനിയന്ത്രിതമായ കാർ പാർക്കിങ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സമാണ്.
ക്ഷേത്രം റോഡ് തുടങ്ങുന്ന ബിവറേജസ് ഔട്ട്െലറ്റിന് മുന്നില്‍ വാഹനങ്ങള്‍ തോന്നിയപോലെയാണ് നിര്‍ത്തുന്നത്. സന്ധ്യകഴിഞ്ഞാല്‍ ഇവിടെ വലിയ തിരക്കും ഗതാഗതക്കുരുക്കുമാണ്. മുനിസിപ്പല്‍ പാര്‍ക്കിന്റെ മുന്‍വശത്തും ഇടവ ഭാഗത്തേക്കുള്ള ബസ് സ്റ്റാന്‍ഡിന് സമീപവും റോഡുവശം മുഴുവനായും കാർ പാർക്കിങ്ങാണ്.
വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്ന ലോഡ് നിറച്ച വാഹനങ്ങളും നിര്‍ത്തിയിടുന്നത് ഏറെ ബുദ്ധിമുട്ടാവുന്നു. ഓട്ടോ സ്റ്റാന്‍ഡിന്റെ രീതിയിലാണ് ഇവിടെ ഓട്ടോകള്‍ നിരത്തിയിടുന്നത്. വ്യാപാരികളുടെ പരാതിയെത്തുടര്‍ന്ന് ഓട്ടോകളെ ഒഴിവാക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും ഫലമില്ല.
ട്രാഫിക് യൂനിറ്റില്ലാത്തതിനാൽ ഗതാഗതനിയമലംഘനങ്ങള്‍ നിയന്ത്രിക്കാനും പരിശോധിക്കാനും നടപടികളില്ല. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനുകളുമില്ല. നഗരത്തിലെ റൗണ്ട് എബൗട്ടിന് സമീപം കാൽനടക്കാർ ജീവൻ പണയംവെച്ചാണ് കടന്നുപോകുന്നത്. വർക്കലനഗരത്തിൽ അഭൂതപൂർവമായ തിരക്കാണിപ്പോൾ.
അണ്ടർ പാസേജ് പ്രദേശം മരണക്കെണിയാണ്. പുന്നമൂട്, റെയിൽവേ സ്റ്റേഷൻ, മൈതാനം റൗണ്ട് എബൗട്ട്, ആയുർവേദ ആശുപത്രി ജങ്ഷൻ, പുത്തൻചന്ത എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം വർഷങ്ങളായി നാട്ടുകാർ ഉന്നയിച്ചിട്ടും അധികൃതർ ഗൗനിക്കുന്നതേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.