തിരുവനന്തപുരം: ലോകസിനിമയുടെ മണ്ഡലകാലത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞതോടെ മാലയിട്ട് തോൾ സഞ്ചിയും തൂക്കി സിനിമ പേരുകൾ മന്ത്രമായി ഉരുവിട്ട് തിയേറ്ററുകളിലേക്ക് സിനിമപ്രേമികളുടെ ഒഴുക്ക് തുടങ്ങി. മേളയുടെ രണ്ടാം ദിനമായ ഇന്നലെ 15 തിയേറ്ററുകളിലും രാവിലെ 8.30 മുതൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
ഇടക്കിടെ രസംകൊല്ലിയായി എത്തിയ മഴയെപ്പോലും വകവെക്കാതെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലടക്കം സിനിമകൾ കാണാനുള്ള തിരക്ക് പ്രവേശന കവാടം വരെ നീണ്ടു.
ഇത്തവണ 13,000ത്തോളം പേർക്കാണ് ചലച്ചിത്ര അക്കാദമി പാസ് അനുവദിച്ചത്. മറ്റ് ജില്ലകളിൽ നിന്നും കൂടുതൽ പേർ വരും ദിവസങ്ങളിൽ തലസ്ഥാനത്തേക്ക് എത്തുന്നതോടെ അനന്തപുരി സിനിമക്കാരുടെ പൂരപ്പറമ്പായി തീരും.
ഓൺലൈൻ വഴി റിസർവേഷൻ സീറ്റുകളിലേക്ക് 70 ശതമാനം പേര്‍ക്കും ക്യൂവിൽ നിൽക്കുന്ന 30 ശതമാനം പേരെയുമാണ് നിലവിൽ തിയേറ്ററുകളിലേക്ക് കടത്തിവിടുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന ഓൺലൈൻ ബുക്കിങ്ങുകൾ അഞ്ച് മിനിട്ടുകൊണ്ടുതന്നെ പൂർത്തിയാകുന്ന സ്ഥിതിയാണ്. ഇതുമൂലം പ്രായമായവരില്‍ പലർക്കും തിയേറ്ററുകൾക്ക് മുന്നിൽ പൊരിവെയിലത്തും മഴയത്തും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
മേളയുടെ രണ്ടാം ദിനമായ ഇന്നലെ 67 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മത്സരവിഭാഗത്തിൽ മലയാള ചിത്രമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.
ഒരു കുടുംബത്തിന്റെ വൈകാരികമായ യാത്രയും അതിന്റെ പര്യവസാനവും ഒരു പെൺകുട്ടിയുടെ കണ്ണിലൂടെ പറയുകയാണ്. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്ര അങ്കമ്മാളായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു ചിത്രം.
വൈകീട്ട് ആറിനു കൈരളി തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം നഗരഗ്രാമാന്തരങ്ങളിലെ കാഴ്ച്പ്പാടുകൾ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിലൂടെ ആവിഷ്കരിക്കുന്നു. നഗോർണോ കരാബാക്കിലെ ഒരു വിമാനത്താവളം വീണ്ടും തുറക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ട എൻജീനിയറുടെ കഥ പറയുന്ന നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ്, ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് എന്നിവയൊക്കെ രണ്ടാം ദിന മേളയുടെ താരമായ ചിത്രങ്ങളാണ്.
ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങളാണ്. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ ഫെമിനിച്ചി ഫാത്തിമ ഇന്ന് പ്രദർശിപ്പിക്കും. വൈകീട്ട് മൂന്നിന് ശ്രീപദ്മനാഭ തീയേറ്ററിലാണ് പ്രദർശനം.
അടിച്ചമർത്തലിനെതിരെയുള്ള വീട്ടമ്മയുടെ ചെറുത്തു നിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണു മൂന്നാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ചക്ക് 2.30 മുതൽ 3.30 വരെ നിള തിയേറ്ററിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.