തിരുവനന്തപുരം: തലസ്ഥാനത്തെ പുരാതന വിദ്യാലയങ്ങളിലൊന്നായ എസ്.എം.വി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിന് മുന്നിൽ ബാർ തുറക്കാനുള്ള നീക്കത്തിലും ഇതിന് നിയമപരമായ ദൂരപരിധി ഉറപ്പാക്കാൻ സ്കൂളിന്റെ കവാടം പിന്നിലേക്ക് മാറ്റിസ്ഥാപിക്കുന്നതിലും വിദ്യാർഥി പ്രതിഷേധം. സ്കൂളിലെ വിദ്യാർഥികൾ സ്കൂൾ കവാടത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. ബാറിന് ദൂരപരിധി ഉറപ്പാക്കാൻ സ്കൂൾ ഗേറ്റ് മാറ്റാനുള്ള നീക്കത്തിനെതിരെ നേരത്തെ പ്രതിഷേധമുയർന്നിരുന്നു. ഗേറ്റ് അകത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ചെറുക്കുമെന്ന് കെ.പി.സി.സി ഗാന്ധിദർശൻ സമിതി വ്യക്തമാക്കിയിരുന്നു. സ്കൂളിന്റെ നേരെ എതിര്‍വശത്തായാണ് ബാര്‍ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നത്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്.
ഇതിനെതിരെ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പടെ രംഗത്തെത്തി. സ്കൂള്‍ പ്രവേശന കവാടത്തില്‍നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാലേ ബാറിന് ലൈസന്‍സ് ലഭിക്കൂ. നിലവില്‍ സ്കൂളിന്റെ പ്രവേശന കവാടവും ബാർ വരുന്ന കെട്ടിടവും തമ്മിൽ ആവശ്യമായ ദൂരപരിധിയുടെ പകുതിപോലുമില്ല. എന്നാല്‍, ബാര്‍ റോഡിന്റെ മറുവശത്തായതിനാല്‍ ആയൂർവേദ കോളജ് ജങ്ഷൻ വഴിയോ ഓവര്‍ബ്രിഡ്ജ് വഴിയോ ഉള്ള ദൂരപരിധിയാണ് കണക്കാക്കുന്നത്. ഈ രീതിയിൽ പരിഗണിച്ചാലും 200 മീറ്റർ ദൂരം തികയില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് റോഡിനോട് ചേർന്ന സർക്കാർ സ്കൂളിന്റെ ഗേറ്റ് അകത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
മതിൽ നിലനിർത്തി ഗേറ്റ് മാത്രം മാറ്റി ദൂരപരിധി തികക്കാനുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. ഗേറ്റ് മാറ്റാൻ സഹായം വാഗ്ദാനം ചെയ്ത് ബാറുകാരുടെ ഇടനിലക്കാര്‍ സ്കൂള്‍ അധികൃതരെ നേരത്തെ ബന്ധപ്പെട്ടതായും ഇതിന്റെ തുടർനടപടിയാണ് ഇപ്പോഴത്തെ മാറ്റമെന്നുമാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.