കാട്ടാക്കട: കുറ്റിച്ചല്‍ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ പ്രദേശം ലഹരി സംഘങ്ങളുടെ പിടിയിൽ. സ്കൂളുകളില്‍ ഉള്‍പ്പെടെ അടുത്തിടെ ലഹരി സംഘങ്ങളുടെ സാന്നിധ്യമുള്ള നിരവധി അക്രമണങ്ങളാണ് നടന്നത്. മദ്യകുപ്പികളും നിരോധിത പാന്‍മസാല കവറുകളും കൊണ്ട് സ്കൂള്‍ വളപ്പുകള്‍ നിറയുകയാണ്.
കഴിഞ്ഞ ദിവസം ലഹരിക്ക് അടിമയായ ഒരു യുവാവ് കോട്ടൂർ ജങ്ഷനിൽ അക്രമാസക്തനായ സംഭവമാണ് ഒടുവിലത്തേത്. ഇയാൾ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ബോർഡുകൾ തകർക്കുകയും ചെയ്തു. നെയ്യാർഡാം പോലിസെത്തിയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. കുടുംബത്തെ ലഹരി സംഘം കൈയേറ്റം ചെയ്ത സംഭവത്തിലും കോട്ടൂരിലും, കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിന് മുന്നിലും ജങ്ഷനിലും നടക്കുന്ന അക്രമങ്ങളിലും സ്ഥലത്തെ ലഹരി വിൽപന സംഘത്തിന്റെ ഒത്താശയുണ്ടെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പ് കോട്ടൂര്‍ നെല്ലിക്കുന്നിൽ പൊലീസിന് നേരെ ലഹരി മാഫിയ ആക്രമണം നടത്തിയിരുന്നു. കുറ്റിച്ചല്‍, പന്നിയോട്, കള്ളിയല്‍, കോട്ടൂര്‍ നെല്ലിക്കുന്ന് എന്നിവിടങ്ങൾ ഏറെക്കാലമായി ലഹരി സംഘങ്ങളുടെ താവളമാണ്.
അഗസ്ത്യവനം പ്രദേശത്ത് ആദിവാസി യുവാക്കളുടെ ഇടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായി അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അഗസ്ത്യവനത്തില്‍ ലഹരി സംഘം പിടിമുറിക്കിയതോടെ ആദിവാസി ഊരുകളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണം എക്സൈസ് ശക്തമാക്കി. കുറ്റിച്ചല്‍, കോട്ടൂർ എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ പൊലീസും, എക്സൈസ് സംഘവും ലഹരിയുമായി പിടികൂടിയിട്ടും മാഫിയയുടെ വേരറുക്കാൻ കഴിയുന്നില്ല.
മുമ്പ് വ്യാജചാരായ നിർമാണവും വിപണനവുമാണ് ഇവിടങ്ങളിൽ സജീവമായിരുന്നതെങ്കിൽ ഇപ്പോൾ കഞ്ചാവ്, എം.ഡി.എം.എ, ലഹരി ഗുളിക കടത്ത് വിൽപന സംഘങ്ങളാണ് സജീവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.