പാറശ്ശാല: കാലങ്ങളായി ശത്രുതയിലുള്ളയാളെ ആക്രമിക്കാന്‍ പൊലീസുകാരന് ആശ്രയിച്ചത് നഗരത്തിലെ പ്രമുഖ ഗുണ്ടയെ; ക്വട്ടേഷന്‍ സഹായവുമായി അഭിഭാഷകനും. ചെങ്കലില്‍ മൂന്നാഴ്ച മുമ്പ് യുവാവിനെ അകാരണമായി ഗുണ്ടാസംഘം ആക്രമിച്ചതിലെ അന്വേഷണമാണ് പൊലീസും അഭിഭാഷകനും ചേര്‍ന്നുനല്‍കിയ ക്വട്ടേഷനിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.
ഒക്ടോബര്‍ 19ന് പെയിന്റിങ് തൊഴിലാളിയായ സജു ജോലികഴിഞ്ഞുമടങ്ങവെ ഗുണ്ടാത്തലവനായ ആട് സജിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അന്വേഷണത്തില്‍ ക്വട്ടേഷന്‍ നല്‍കിയതായി കണ്ടെത്തിയ എ.ആര് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന് പി. ബൈജുവിനെ ഒന്നാംപ്രതിയാക്കി കേസില്‍ ഉള്‍പ്പെടുത്തി. ഇയാളുടെ സുഹൃത്തും വ്ലാത്താങ്കര സ്വദേശിയുമായ അഭിഭാഷകന് അഖിലിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരെ പാറശ്ശാല പൊലീസ് കഴിഞ്ഞദിവസം പിടികൂടി. തിരുവല്ലം പാലറകുന്നുവീട്ടില് ആട് സജി എന്ന സജി(42), ചെങ്കല്‍ കടുക്കറവീട്ടില് അജി(37), മാരായമുട്ടം കടവന്‍കോട് കോളനിയില്‍ സുജിത്ത്(36), പെരുമ്പഴുതൂര്‍ കടവന്‍കോട് കോളനിയില്‍ രവി(45) എന്നിവരെയാണ് പാറശ്ശാല പൊലീസ് പിടികൂടിയത്.
ചെങ്കല്‍ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ സജുവും പൊലീസ് ഉദ്യോഗസ്ഥനായ ബൈജുവും തമ്മില്‍ ശത്രുതയിലാണ്. പലതവണ ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. സജുവിന്റെ പരാതിയില്‍ അക്രമികളെത്തിയ വാഹന നമ്പര്‍ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് ആട് സജി പിടിയിലായത്.
യാദൃച്ഛികസംഭവമെന്ന നിലയിലാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും സജിയുടെ ചെങ്കലിലെ സാന്നിധ്യം കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അഖില്‍ ആട് സജിയെ സജു ജോലിചെയ്യുന്ന സ്ഥലത്ത് ബൈക്കിലെത്തിച്ച് കാണിച്ചുകൊടുത്തശേഷമാണ് ആക്രമണം. ഇരുവരും ബൈക്കില്‍ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂറായി 25,000 രൂപ ബൈജു കൈമാറിയതിന്റെ രേഖകളും പൊലീസിനുലഭിച്ചു. പാറശ്ശാല എസ്.എച്ച്.ഒ സജി എസ്.എസ്, എസ്.ഐമാരായ ഹര്‍ഷകുമാര്‍, വേലപ്പന്‍നായര്‍, അനന്തകുമാര്‍, സി.പി.ഒമാരായ സാജന്, ഷാജന്, ജോയി, രഞ്ജിത്ത്, അജു, വിപിന്‍, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.