കല്ലമ്പലം: ചളിവെള്ളം നിറഞ്ഞ് റോഡ്, ജനം ദുരിതത്തിൽ. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പറകുന്ന് എം.ജി.എം.എൽ.പി.എസിന് സമീപം കശുവണ്ടി ഫാക്ടറിക്ക് സമീപത്തുള്ള റോഡിനാണ് ഈ ദുർഗതി.
നാവായിക്കുളം ഭാഗത്തേക്ക് പോകുന്ന റോഡാണിത്. കണ്ടാൽ നിറഞ്ഞൊഴുകുന്ന തോട് പോലെ തോന്നും. ഇതിന് ഇരുവശവും താമസിക്കുന്ന നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡിൽപെട്ട നാൽപതോളം കുടുംബങ്ങളിലെ ജനങ്ങൾ കാൽനടയാത്രപോലും കഴിയാതെ പ്രതിസന്ധിയിലാണ്. ദിവസേന ഒരുപാട് കുട്ടികൾ സ്കൂളിൽ പോകാൻ ഉപയോഗിക്കുന്ന പ്രധാന വഴി കൂടിയാണിത്.
പ്രാദേശിക ഭരണകൂടങ്ങൾക്ക് മുന്നിൽ നിരവധി പരാതികൾ അറിയിച്ചിട്ടും നടപടിയില്ല. പൂർണമായും വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴി ശരിയായ വിധം മൂടാത്തതിനാൽ ചില ഭാഗത്ത് വലിയ കുഴികളുമുണ്ട്. ഇവിടെ കാൽ വെച്ചാൽ അരക്കൊപ്പം മലിനജലത്തിൽ മുങ്ങും.
ഇരുവശത്തും മതിൽക്കെട്ടുകളുള്ളതിനാൽ വെള്ളത്തിന്റെ ഒഴുക്കിനെയും ബാധിക്കുന്നു. ഈ ദുരിതത്തിന് അറുതി തേടി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.