തിരുവനന്തപുരം: ഒരാഴ്ചക്കാലം ജനം ആഘോഷമാക്കിയ കേരളത്തിന്റെ മഹോത്സവം ‘കേരളീയ’ത്തിന് ചൊവ്വാഴ്ച കൊടിയിറക്കം. കലകളുടെയും സംസ്കാരത്തിന്റെയും ചിന്തയുടെയും അലങ്കാരദീപങ്ങളുടെയും ഭക്ഷ്യവൈവിധ്യങ്ങളുടെയും പുഷ്പാലങ്കാരങ്ങളുടെയും ഏഴു പകലിരവുകൾക്കാണ് സമാപനമാകുന്നത്. കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാൻ തലസ്ഥാനം ഒന്നാകെ ഒഴുകിയെത്തി.
വൈകീട്ട് നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ വിവിധ പരിപാടികളോടെ സമാപന പരിപാടി നടക്കും. സമാപനത്തിന് മുന്നോടിയായി കേരളീയം വിഡിയോ പ്രദർശനവും നൃത്താവിഷ്കാരത്തിന്റെ വിഡിയോ പ്രദർശനവും ഉണ്ടാകും. സമാപന ഗാനാലാപനത്തിന് ശേഷം ചടങ്ങുകൾ ആരംഭിക്കും.
നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും സമാപനസമ്മേളന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. മന്ത്രി കെ. രാജന് അധ്യക്ഷതവഹിക്കും. സെമിനാറിലെ നിര്‍ദേശങ്ങളുടെ സംക്ഷിപ്താവതരണം സംഘാടകസമിതി ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു നിർവഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
സ്പോൺസർമാർ, സബ് കമ്മിറ്റി ഭാരവാഹികൾ, കേരളീയം ലോഗോ രൂപകൽപന ചെയ്യുകയും ബ്രാന്റിങ് നിർവഹിക്കുകയും ചെയ്ത ബോസ് കൃഷ്ണമാചാരി, ശുചിത്വ പരിപാലകർ എന്നിവർക്ക് മുഖ്യമന്ത്രി വേദിയിൽ കേരളീയം 2023 മെമന്റോ സമ്മാനിക്കും. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, കാർത്തിക്, സിതാര, റിമി ടോമി, ഹരിശങ്കർ എന്നിവർ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ‘ജയം’ അരങ്ങേറും.
തിരുവനന്തപുരം: കേരളീയത്തിന്റെ ആറാം ദിനം പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം രാഗ താള വാദ്യമേളങ്ങളാൽ ത്രസിച്ചു.
സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും തൗഫീഖ് ഖുറേഷിയും ചേർന്നൊരുക്കിയ സംഗീത പരിപാടി ആസ്വദിക്കാൻ എത്തിയത് ആയിരങ്ങൾ. അതുൽ നറുകരയും സംഘവും അവതരിപ്പിച്ച ഗാനമേള നിശാഗന്ധിയെ ത്രില്ലടിപ്പിച്ചു. ടാഗോർ തിയറ്ററിൽ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്യ പൂക്കളം, റിഗാറ്റ ടീമിന്റെ മഴവിൽ കൈരളി എന്നിവ വേറിട്ട അനുഭവമായി.
പുത്തരിക്കണ്ടം വേദിയെ ബാബുരാജ് സ്മൃതി സന്ധ്യ സംഗീത സാന്ദ്രമാക്കി. സെനറ്റ് ഹാളിൽ ഗാന്ധിഭവൻ തിയറ്റർ അവതരിപ്പിച്ച നാടകം നവോത്ഥാനം, സാൽവേഷൻ ആർമി ഗ്രൗണ്ടിൽ വജ്ര ജൂബിലി കലാകാരന്മാരുടെ നാടൻപാട്ട്, ഭാരത് ഭവനിൽ കുട്ടികളുടെ നാടകം കാറ്റുപാഞ്ഞ വഴി, വിവേകാനന്ദ പാർക്കിൽ ഗോത്ര സംഗീതിക, കെൽട്രോൺ കോംപ്ലക്സിൽ ഓടക്കുഴൽ സന്ധ്യ, പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ആണ്ട് പിറപ്പൊലി നൃത്തശിൽപം, മ്യൂസിയം റേഡിയോ പാർക്കിൽ കാക്കരിശി നാടകം, എസ്.എം.വി സ്കൂളിൽ കളരിപ്പയറ്റ്, വിമൻസ് കോളജിൽ സെമി ക്ലാസിക്കൽ ഫ്യൂഷൻ നൃത്തം എന്നിവയും അരങ്ങേറി.
തിരുവനന്തപുരം: കേരളീയത്തിൽ ജാതിക്കയുടെ വേറിട്ട രുചികൾ സമ്മാനിച്ച സന്തോഷത്തിലാണ് ജെസിയും മായയും. കാസർകോടിന്റെ മണ്ണിൽ നിന്ന് പുത്തൻരുചികളുമായി കേരളീയത്തിലെത്തിയ ജെസിയും മായയും ഒമ്പതുവർഷമായി ജാതിക്കരുചികളിൽ നടത്തിയ പരീക്ഷണത്തിനും പ്രയത്നത്തിനുമൊടുവിൽ വിജയപാതയിൽ എത്തിനിൽക്കുകയാണ്.
പച്ച-ഉണക്ക ജാതിക്ക അച്ചാർ, തേൻ ജാതിക്ക, ജാതിക്ക സ്ക്വാഷ്, ജാതിക്ക ജാം, ജാതിക്ക ഡ്രിങ്ക് എന്നിങ്ങനെ ആറോളം ജാതിക്ക വിഭവങ്ങളൊരുക്കിയാണ് കുടുബശ്രീയുടെ വിപണനമേളയിൽ ഇവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ഔഷധഗുണങ്ങളുടെ കലവറയായ ജാതിക്ക കൊണ്ട് പുത്തൻ സംരംഭം സെയിന്റ് നട്ട്മെഗ് പ്രോജക്ട് തുടങ്ങാനായതിൽ ബന്ധുക്കൾ കൂടിയായ ജെസിയും മായയും ഏറെ സന്തുഷ്ടരാണ്. വ്യാപാരവിപണിയിൽ ഉയർന്ന മൂല്യമുള്ള ജാതിയുടെ പരിപ്പും തോടും ജാതിപത്രിയുമെല്ലാം ഉപയോഗിച്ചാണ് വിഭവങ്ങൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.