തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത് ആവർത്തിക്കുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിത ഡോക്ടറും രോഗിയുമാണ് ഇന്ന് ലിഫ്റ്റിൽ കുടുങ്ങിയത്.
അത്യാഹിത വിഭാഗത്തിൽ നിന്ന് സി.ടി സ്കാനിലേക്ക് പോകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റിൽ കുടുങ്ങിയവരെ പിന്നീട് ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ 42 മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രനാണ് മെഡിക്കല്‍ കോളജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. 42 മണിക്കൂറിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്കാണ് രവീന്ദ്രനെ ലിഫ്റ്റില്‍ നിന്ന് പുറത്തെത്തിച്ചത്. നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുവാനായാണ് രവീന്ദ്രന്‍ ഒ.പി വിഭാഗത്തിലെത്തിയത്. എന്നാൽ, തകരാറിലായ ലിഫ്റ്റിൽ കയറിയ രവീന്ദ്രന്‍ കുടുങ്ങുകയായിരുന്നു.
രവീന്ദ്ര ഫോണ്‍ നിലത്തുവീണ് തകരാറിലായതിനാല്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം പുറത്തുള്ളവരെ വിളിച്ചറിയിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. അടുത്ത ദിവസം ഞായാറാഴ്ചയായതിനാല്‍ ഒരാളും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.
മെഡിക്കല്‍ കോളജില്‍ വച്ച് രവീന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തകരാര്‍ പരിഹരിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ ലിഫ്റ്റ് തുറന്നപ്പോഴാണ് രവീന്ദ്രനെ അവശനിലയില്‍ കണ്ടെത്തിയത്.
രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ ഇന്നലെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ കോളജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷന്‍റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.