കിളിമാനൂർ: പാലംപണി പൂർത്തിയായിട്ടും അപ്രോച്ച് റോഡ് ടാർചെയ്യാത്തത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിർമാണം വൈകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്നാക്ഷേപം.നാലരക്കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച കുറവൻകുഴി-കടയ്ക്കൽ റോഡിലെ വയ്യാറ്റിൻകര പാലത്തിന്റെ അപ്രോച്ച് റോഡ് ക്വാറി വേസ്റ്റും മെറ്റലും ഇട്ട് നികത്തുകയാണ് ചെയ്തത്. ഇത് ഇളകിയും മഴയത്ത് വെള്ളക്കെട്ടായും കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയിലായി.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മർദ്ദത്തിന്റെ ഫലമായി പാലം പണി വേഗം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡി ന്റെ പണിക്ക് ഒച്ചിഴയും വേഗത്തിലാണ്.നിലവാരമില്ലാത്ത ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമിച്ചതെന്ന് ആരോപണമുണ്ട്. തുട ർന്ന് ഇത് മാറ്റുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
പണിയുമായി ബന്ധപ്പെട്ട് പാലത്തിന്റെ ഇരുവശങ്ങളിലും മണ്ണ് നിക്ഷേപിച്ചിരുന്നു. പാലം പണി കഴിഞ്ഞിട്ടും ഇത് നീക്കം ചെയ്യാത്തതിനാൽ റോഡിന്റെ വീതി കുറഞ്ഞ് കാടു കയറി ഇഴജന്തുക്കളുടെ താവളമായി. നിരവധി വിദ്യാർഥികളാണ് ഇതുവഴി സ്കൂളിലേക്ക് പോകുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ മുഴുവൻ പണിയും കഴിഞ്ഞ ശേഷമേ വലിയ വാഹനങ്ങൾ കടത്തിവിടൂ എന്ന് പറഞ്ഞിരുന്നങ്കിലും ഇപ്പോൾ പാറയും കയറ്റി നിരവധി ടോറസുകളാണ് ഇതുവഴി ചീറിപ്പായുന്നത്. എസ്റ്റിമേറ്റ് തുകയേക്കാൾ തുക അധികരിച്ചതിനാലാണ് അപ്രോച്ച് റോഡ് പണി കോൺട്രാക്ടർ ചെയ്യാത്തതെന്നാണ് അക്ഷേപം.
എന്നാൽ മഴയായതിനാലാണ് പണിക്ക് കാലതാമസമെന്നും ഇരുവശത്തുമായി ഇരുന്നൂറ് മീറ്റർ അപ്രോച്ച് റോഡ് പണി ഉടൻ ആരംഭിക്കുമെന്നും ടാറിങ് ടെൻഡർ നടപടികളായിട്ടുണ്ടെന്നും അസിസ്റ്റൻറ് എൻജിനിയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.