നാഗർകോവിൽ: നവരാത്രി പൂജവെപ്പിനായി പത്മനാഭപുരത്തുനിന്ന് വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങിന് വ്യാഴാഴ്ച തുടക്കം കുറിച്ചു. പത്മനാഭപുരം കൊട്ടാരം ഉപ്പിരിക്കമാളികയിൽ തിരുവിതാംകൂർ രാജവംശത്തിന്റെ ഉടവാൾ കേരളം തമിഴ്നാടിന് കൈമാറിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
കേരള ദേവസ്വം മന്ത്രി രാധാകൃഷ്ണൻ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കൊട്ടാരം ചാർജ് ഓഫിസർ കെ.പി. സധു എന്നിവർ ചേർന്ന് ഉടവാൾ കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ ജി. രാമകൃഷ്ണൻ, ജോയന്റ് കമീഷണർ രത്നവേൽപാണ്ഡ്യൻ എന്നിവർക്ക് കൈമാറി. അവർ ഉടവാൾ ഘോഷയാത്രക്കൊപ്പം പോകുന്ന രാജപ്രതിനിധി മോഹനകുമാറിനെ ഏൽപിച്ചു.
ചടങ്ങിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, തമിഴ്നാട് ക്ഷീര വകുപ്പ് മന്ത്രി മനോതങ്കരാജ്, വിജയ് വസന്ത് എം.പി, എ. വിൻസെന്റ് എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാർ കെ. അനന്തഗോപൻ, കമീഷണർ ബി.എസ്. പ്രകാശ്, രാജമാണിക്യം, കന്യാകുമാരി കലക്ടർ പി.എൻ. ശ്രീധർ, പൊൻ. രാധാകൃഷ്ണൻ, പത്മനാഭപുരം, നെയ്യാറ്റിൻകര നഗരസഭ ചെയർമാന്മാരായ അരുൾ ശോഭൻ, പി.കെ. രാജമോഹൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
തുടർന്ന് തേവാരക്കെട്ട് ക്ഷേത്രത്തിലെ സരസ്വതി വിഗ്രഹം തിടമ്പിലേറ്റി ആനപ്പുറത്തും വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്കദേവി വിഗ്രഹങ്ങൾ പല്ലക്കിലും കേരളപുരത്തത്തേക്ക് പുറപ്പെട്ടു. രാത്രിയോടെ കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ പൂജക്ക് ഇറക്കും.
വെള്ളിയാഴ്ച രാവിലെ കുഴിത്തുറയിൽനിന്ന് പുറപ്പെടുന്ന എഴുന്നള്ളത്തിനെ കളിയിക്കാവിളയിൽ കേരള റവന്യു വകുപ്പ്, പൊലീസ്, വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിക്കും. വെള്ളിയാഴ്ച നെയ്യാറ്റിൻകര ശീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കും. ശനിയാഴ്ച നെയ്യാറ്റിൻകരയിൽനിന്ന് പുറപ്പെട്ട് രാത്രിയോടെ തിരുവനന്തപുരത്ത് ഘോഷയാത്ര എത്തും.
സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും എത്തിക്കും. ഞായറാഴ്ചയാണ് പൂജവെപ്പ് തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.