നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ എത്തിക്കുന്നതിൽ വൻ ക്രമക്കേട്. 15,000 ലിറ്റർ ഡീസലിനുപകരം എത്തിച്ചത് 14,000 ലിറ്റർ; 1000 ലിറ്റർ ഡീസൽ കുറവ്. വിവാദമായതോടെ അടുത്ത ടാങ്കറിൽ 1000 ലിറ്റർ ഡീസൽ എത്തിച്ച് പ്രശ്നപരിഹാരത്തിന് ശ്രമം.
15000 ലിറ്റർ ഡീസൽ കൊണ്ടുവന്നതായി ബില്ലിൽ കാണിച്ചിരുന്നു. എന്നാൽ അളവിൽ 14000 ലിറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾക്ക് മൈലേജ് കിട്ടുന്നില്ലെന്ന് പരാതിയുയർന്നിരുന്നു.
മെക്കാനിക്കുകളുടെയും ഡ്രൈവർമാരുടെയും പിടിപ്പ്കേടാണ് ഇതിന് കാരണം എന്ന് പറഞ്ഞ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. എന്നാൽ ജീവനക്കാർ നിരന്തരം പരാതിയുമായി എത്തിയിരുന്നുവെങ്കിലും ടാങ്കറിൽ കൊണ്ടു വരുന്ന ഡീസൽ അളവ് നോക്കാൻ ശ്രമിക്കാറില്ലായിരുന്നു.
ശനിയാഴ്ച രാത്രി ഡീസൽ എത്തിക്കാൻ കരാറുള്ള നെടുമങ്ങാട്ടെ എം.എസ് ഫ്യൂവൽസ് കൊണ്ടുവന്ന ഡീസൽ ഞായറാഴ്ച രാവിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് 1000 ലിറ്റർ ഡീസൽ കുറവ് കണ്ടത്. 1000 ലിറ്റർ ഡീസലിന് ഏകദേശം 96000 രൂപയാണ് വില. ഇത് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാകുമായിരുന്നത് ഈ തുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇങ്ങനെ സംഭവിക്കുന്നുവെന്നും മൈലേജില്ലെന്ന കാരണം പറഞ്ഞ് ഡ്രൈവറുടെയും മെക്കാനിക്കിന്റെയും മേൽ കുതിരകയറിയതായും മാസങ്ങളായി വൻ അഴിമതിയാണ് നടന്നതെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. സംഭവം വിവാദമായതോടെ അടുത്ത ടാങ്കറിൽ 1000 ലിറ്റർ ഡീസൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.