നെടുമങ്ങാട്: 35 ലക്ഷം ചെലവിട്ട് പനയമുട്ടത്തിനു സമീപം 'സ്‌നേഹകുടീരം'എന്ന പേരില്‍ ജില്ലപഞ്ചായത്ത് നിർമിച്ച പകല്‍വീടിനുള്ള മന്ദിരം കാടുകയറി നശിക്കുന്നു. നന്ദിയോട്, പനവൂര്‍ പഞ്ചായത്തുകളിലെ വയോജനങ്ങള്‍ക്ക് പ്രയോജനമാകുമെന്ന പ്രതീക്ഷയിൽ പൊതുനിരത്തുകളില്‍ നിന്ന് വളരെ അകലെമാറി ചെക്കക്കോണം വനത്തിനകത്താണ് പകല്‍വീട് സാധ്യമാക്കിയത്. എന്നാല്‍, കെട്ടിടം നിര്‍മിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഈ പകല്‍വീട്ടിലേകക്ക് ഒരാളും വന്നില്ല.
ഇവിടേക്ക് എത്തിപ്പെടാൻതന്നെ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ നന്ദിയോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തുടക്കത്തില്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, അന്ന് അത് പരിഗണിക്കാന്‍ ജില്ല പഞ്ചായത്ത് തയാറായില്ല. വയോജന സംരക്ഷണ സമിതി വിട്ടുനല്‍കിയ 30 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനത്തിനുശേഷം അധികൃതരും തിരിഞ്ഞുനോക്കിയില്ല.
കോവിഡ് കാലത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതോടെ അതിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. പകല്‍വീടിന്റെ നടത്തിപ്പ് പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന് നന്ദിയോട് പഞ്ചായത്ത് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ജില്ലപഞ്ചായത്ത് പരിഗണിച്ചിട്ടില്ല.
നിലവില്‍ വൈകുന്നേരങ്ങള്‍ ഇവിടം സമൂഹികവിരുദ്ധരുടെ താവളമാണ്. വൈദ്യുതി, വെള്ളം എന്നിവയെല്ലാമുള്ളതിനാല്‍ മദ്യപാനികള്‍ ഇവിടെ തമ്പടിക്കുന്നു. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർത്തു. പേരയം, താന്നിമൂട്, പനയമുട്ടം, പാണയം തുടങ്ങി പകല്‍വീടിനു ചുറ്റുമായി വരുന്ന വാര്‍ഡുകളില്‍ നിരവധി വയോജനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.