അശ്വതി താമസിക്കുന്ന ടാർപോളിൻ കെട്ടിമറച്ച വീട്
നെടുമങ്ങാട്: വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു രണ്ടാംവർഷ വിദ്യാർഥിനി പൂവച്ചൽ ആലുംകുഴിയിൽ അശ്വതിക്ക് പി.ടി.എയുടെ ശ്രമഫലമായി വീടൊരുങ്ങുന്നു. ടാർപോളിൻ കെട്ടിമറച്ച ചോർന്നൊലിക്കുന്ന സ്ഥലത്താണ് അശ്വതിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. മഴക്കാലത്ത് അശ്വതിയുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സ്ഥിരമായി നനഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ സംശയംതോന്നി പി.ടി.എ ഭാരവാഹികളെ വിവരം അറിയിച്ചു.
തുടർന്ന് പി.ടി.എ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ദയനീയാവസ്ഥയിലുള്ള വാസസ്ഥലം കണ്ടെത്തിയത്. ഉടൻതന്നെ മഴനനയാതിരിക്കാൻ താൽക്കാലിക സംവിധാനമൊരുക്കിയ പി.ടി.എ കമ്മിറ്റി അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും അടിയന്തരയോഗം ചേർന്ന് അശ്വതിക്ക് അടച്ചുറപ്പുള്ള ഒരു വീട് നിർമിച്ചുനൽകുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയായിരുന്നു.
‘സഹപാഠിക്കൊരു സ്നേഹത്തണൽ’ എന്ന പേരിൽ നിർമിക്കുന്ന വീടിന് അശ്വതിയും മാതാവ് സിന്ധുവും സഹോദരി ആതിരയും ചേർന്ന് തറക്കല്ലിട്ടു. വെള്ളനാട്, പൂവച്ചൽ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ, സ്കൂൾ അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളപ്പിറവി ദിനത്തിൽ വീട് പൂർത്തിയാക്കി അശ്വതിക്കും കുടുംബത്തിനും കൈമാറുമെന്ന് പി.ടി.എ പ്രസിഡൻറ് വി. ചന്ദ്രശേഖരൻ, നിർമാണകമ്മിറ്റി ചെയർമാൻ എൻ. സതീശൻ, പ്രിൻസിപ്പൽ കെ.എസ്. രാജശ്രീ എന്നിവർ അറിയിച്ചു. അശ്വതിയെയും കുടുംബത്തിനെയും സഹായിക്കാൻ താൽപര്യമുള്ള സുമനസ്സുകൾക്ക് താഴെപ്പറയുന്ന അക്കൗണ്ടിൽ ധനസഹായമെത്തിക്കാം. പാർപ്പിട നിർമാണ കമ്മിറ്റി, ഗ്രാമീണബാങ്ക്, വെള്ളനാട് ബ്രാഞ്ച് A/C No.40354101128367. IFSC KLGB0040354.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.