നേമം: രാജവാഴ്ചയുടെ ഒളിമങ്ങാത്ത ചരിത്രം ഓര്‍മപ്പെടുത്തുന്ന പ്രകാശ സ്മാരകമാണ് രാമരായര്‍ വിളക്ക്. പാളയത്ത് നിന്ന് മ്യൂസിയത്തിലേക്ക് തിരിയുന്ന റോഡിന് നടുവിലാണ് ഈ വഴിവിളക്ക് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ തേരോട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സ്ഥലമാണ് പാളയം. ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന രാമരായരുടെ സ്മരണക്കായി സ്ഥാപിക്കപ്പെട്ടതാണ് രാമരായര്‍ വിളക്ക്. തിരുവിതാംകൂര്‍ ഉദ്യോഗസ്ഥനായിരുന്ന രാമരായരുടെ മകന് ഉദാരശിരോമണി എന്നറിയപ്പെട്ട പത്മനാഭ റാവുവാണ് വിളക്ക് സ്ഥാപിച്ചത്. ആദ്യകാലത്ത് എണ്ണയൊഴിച്ച് തെളിയിച്ചിരുന്ന വിളക്ക് ആധുനികതയുടെ കുതിച്ചുചാട്ടത്തില്‍ മാറ്റം സംഭവിച്ച് വൈദ്യുതിയിലായി പ്രകാശം പരത്തല്‍. തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് പാളയം മുതല്‍ കവടിയാര്‍ വരെ ഇത്തരം നിരവധി വിളക്കുകള്‍ ഉണ്ടായിരുന്നങ്കിലും അതൊക്കെ കാലക്രമേണ നശിച്ചു. ചിലത് കണ്ണടച്ചു ചരിത്രശേഷിപ്പായി ഇന്നും നിലകൊള്ളുന്നു. കൊട്ടാര സേനകള്‍ വൈകുന്നേരങ്ങളില്‍ നടത്തുന്ന ബാന്റ്സംഗീതം കേള്‍ക്കാനായി എത്തുന്നവര്‍ക്ക് മടങ്ങിപ്പോകാനായി സ്ഥാപിച്ചതാണീ വഴിവിളക്കുകള്‍ എന്നും ഒരു വാദമുണ്ട്. വെങ്കലത്തില്‍ പണിത വിളക്ക്കാലിന് മുകളിലായി ചില്ലുഗോളം പോലെ മൂന്ന് വിളക്കുകളാണുള്ളത്.
പാതയോരങ്ങളില്‍ ഫ്ളൂറസെന്റ്, നിയോണ്‍ ബള്‍ബുകള്‍ വെള്ളിവെളിച്ചം വിതറിത്തുടങ്ങിയ പുതിയ കാലത്ത് രാജമുദ്ര പതിഞ്ഞ ഈ വിളക്കുകളെപ്പറ്റി ആരും ചിന്തിക്കാതെയായി. രാജപാതയിലെ പൈതൃക വിളക്കുകളെല്ലാം മിഴിയടച്ചെങ്കിലും ചരിത്രത്തിന്റെ തുരുത്തില് മിഴിചിമ്മാതെ നിലകൊള്ളുകയാണ് രാമരായര്‍ വിളക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.