നെയ്യാറ്റിൻകര: കാവുംപുറം മണിയൻ കൊലക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ഒന്നാംപ്രതി വിളപ്പിൽ കാവുംപുറം വഞ്ചിയൂർക്കോണം കിഴക്കേക്കര പുത്തൻവീട്ടിൽ പ്രസാദ്(40), രണ്ടാംപ്രതി വിളപ്പിൽ കാവുംപുറം വഞ്ചിയൂർക്കോണം ഉഷാഭവനിൽ അനുരാജൻ എന്ന അനി(56) എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിനും 50,000 രൂപ വീതം പിഴക്കും നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്.
വിളപ്പിൽ ചൊവ്വള്ളൂർ കാവുംപുറം വഞ്ചിയൂർക്കോണംവീട്ടിൽ മണിയൻ (55) കൊലചെയ്യപ്പെട്ട കേസിൽ ആകെ നാല് പ്രതികളാണുള്ളത്. മൂന്നാം പ്രതി കൃഷ്ണമ്മ, നാലാം പ്രതി ഷൈലജ എന്നിവരെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി പ്രസാദിന്റെ അമ്മയാണ് കൃഷ്ണമ്മ. ഷൈലജ രണ്ടാം പ്രതി അനുരാജിന്റെ ഭാര്യയും.
മണിയൻ മദ്യപിച്ചുവന്ന് അസഭ്യം പറയുന്നത് സമീപവാസികളായ പ്രതികളെ ചൊടിപ്പിച്ചിരുന്നു. ഇക്കാരണത്താൽ പ്രതികൾ മണിയനെ പലപ്പോഴും ഉപദ്രവിച്ചിരുന്നു.
2014 മാർച്ച് മൂന്നിന് രാത്രി 11.30 മണിക്ക് ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന സമയം പ്രതികൾ മണിയന്റെ വീട്ടിൽ അതിക്രമിച്ചുകയറി. ഒന്നും രണ്ടും പ്രതികൾ ചേർന്ന് മണിയനെ മരപ്പട്ടിയൽകൊണ്ട് തലക്കടിച്ചും പേപ്പർ കട്ടിങ് കത്തി കൊണ്ട് ദേഹമാസകലം ആഴത്തിൽ വരഞ്ഞും മുറിപ്പെടുത്തി. മുറിവേറ്റ് ചോര വാർന്ന് അവശനായ മണിയൻ സംഭവസ്ഥലത്തുെവച്ചുതന്നെ മരിച്ചു. പ്രേരണക്കുറ്റം മാത്രമാണ് മൂന്നും നാലും പ്രതികളായ കൃഷ്ണമ്മ, ഷൈലജ എന്നിവർക്കുമേലുള്ളത്. കൂലിപ്പണിക്കാരനായിരുന്നു മണിയൻ.
ഇന്ത്യൻ ശിക്ഷാനിയമം 447, 302,34 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പിഴത്തുക കെട്ടിവെക്കാത്തപക്ഷം ആറുമാസം അധികതടവ് വിധിച്ചിട്ടുണ്ട്. കൂടാതെ മണിയന്റെ വിധവയും ഒന്നാംസാക്ഷിയുമായ വത്സലക്ക് വിക്ടിം കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരത്തിന് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി ശിപാർശ ചെയ്തു.
വിളപ്പിൽശാല സബ് ഇൻസ്പെക്ടർ പി.എസ്. സുജിത്ത് പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ആര്യനാട് പൊലീസ് ഇൻസ്പെക്ടർമാരായ കെ.എസ്. അരുൺ, മഞ്ജുലാൽ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. മഞ്ജിത എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.