പാലോട്: അവശനിലയിൽ കണ്ടെത്തിയ കാട്ടുപോത്ത് ചത്തു. തെന്നൂർ മണ്ണാന്തല മൺപുറത്ത് സലീം എന്നയാളുടെ വീട്ടുമുറ്റത്താണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ അവശനിലയിൽ കാട്ടുപോത്തിനെ കണ്ടത്. വയറുപെരുകി എഴുന്നേറ്റുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പോത്ത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ജഴ്സി ഫാമിൽ നിന്ന് ഡോക്ടറും പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി.
പോത്തിനെ പരിശോധിച്ച് ഡ്രിപ്പ് നൽകുന്നതിനിടെയാണ് ചത്തത്. മരണകാരണം കണ്ടുപിടിക്കുന്നതിന് പോത്തിനെ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വനത്തിൽ സംസ്കരിച്ചു. വിഷപ്പയർ കഴിച്ച് വയർ പെരുകിയതാണ് അവശനിലയിലാകാൻ കാരണമെന്ന് കരുതുന്നു.
കുറച്ചുദിവസങ്ങളായി പെരിങ്ങമ്മല തെന്നൂർ, കൊച്ചുകരിക്കകം, മണ്ണാന്തല പ്രദേശങ്ങളിൽ കാട്ടുപോത്തിൻകൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്നുണ്ട്. എട്ടോളം കാട്ടുപോത്തുകളാണ് ബുധനാഴ്ച നാട്ടിലിറങ്ങിയത്. പാലോട് വന അതിർത്തികളിൽ കാട്ടുപോത്തുകളുടെ കൂട്ടമിറങ്ങുന്നത് പതിവായിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കൊച്ചടപ്പുപാറയിലും ചെല്ലഞ്ചിയിലും കല്ലുവരമ്പിലും കാട്ടുപോത്തിൻ കൂട്ടമിറങ്ങി. അന്ന് നാല് കാട്ടുപോത്തുകൾ അടങ്ങുന്ന സംഘമാണ് വനാതിർത്തികളിൽ ചുറ്റിത്തിരിഞ്ഞത്. രാത്രികാല സഞ്ചാരങ്ങളിൽ ശ്രദ്ധ വേണമെന്ന് അന്നേ ഫോറസ്റ്റ് അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പാലോട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ പാങ്ങോട്, പാലോട് വനാതിർത്തികളിലും വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കാട്ടുപോത്തുകൾ കൂട്ടമായെത്തുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.