പാലോട്: ആദിവാസി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. നന്ദിയോട് പച്ച പുലിയൂർ വലിയ വേങ്കാട്ടുകോണം തടത്തരികത്ത് വീട്ടിൽ കണ്ണാപ്പി എന്ന സുമേഷ് (27), പുലിയൂർ ലക്ഷംവീട് മൂലയിൽ വീട്ടിൽ ശിവകുമാർ (19), കുറവൻകോണം വയലരികത്ത് വീട്ടിൽ അപ്പു എന്ന ശ്രീഹരി (18) എന്നിവരാണ് പിടിയിലായത്.
മൂന്നുമാസം മുമ്പുണ്ടായ വാക്കുതർക്കത്തെതുടർന്നാണ് 16ന് രാത്രി 11ഓടെ പച്ച ക്ഷേത്രത്തിൽനിന്ന് വലിയവേങ്കാട്ടുകോണത്തുള്ള വീട്ടിലേക്ക് ബൈക്കിൽ പോയ അരുൺ നിവാസിൽ അരുണിനെ (29) മൂവരും ചേർന്ന് മർദിച്ചത്.
മർദനത്തിൽ വാരിയെല്ലുകൾക്കും നട്ടെല്ലിനും പൊട്ടലുണ്ടാകുകയും ശ്വാസകോശത്തിൽനിന്ന് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. അരുൺ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽപോയ പ്രതികൾ കർണാടകയിലെ കുടക്, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയവെയാണ് പാലോട് പൊലീസ് പിടിയിലായത്.
നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പാലോട് പൊലീസ് ഇൻസ്പെക്ടർ പി. ഷാജിമോൻ, സബ് ഇൻസ്പെക്ടർ എ. നിസാറുദ്ദീൻ, എ.എസ്.ഐ അൽ അമാൻ, സി.പി.ഒമാരായ വിനീത്, രജിത്രാജ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.