പാലോട്: മദ്യലഹരിയിൽ അമിത വേഗത്തിലോടിച്ച ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റ്ൽ. കരിമൺകോട് പുള്ളിവട്ടം തടത്തരികത്ത് വീട്ടിൽനിന്ന് പനങ്ങോട് കൊച്ചുവൻകാട് വാടകക്ക് താമസിക്കുന്ന ജുനൈദ് (35) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇയാൾ മദ്യലഹരിയിൽ പാലോട് നിന്ന് നന്ദിയോട് ഭാഗത്തേക്ക് ടിപ്പറോടിച്ചത്. അമിതവേഗത്തിൽ റേഞ്ച് ഓഫിസ് ജങ്ഷനിലെത്തി ഒരു ബൈക്ക് ഇടിച്ച് തെറിപ്പിച്ചശേഷം നിർത്താതെ പോയി.
പ്ലാവറ പമ്പിന് സമീപത്ത് വീണ്ടും ഏതിർദിശയിൽ വന്ന കാറിനെ ഇടിച്ച ശേഷം മുന്നിലെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
റേഞ്ച് ഓഫിസിന് സമീപത്തെ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ആനാട് ആലംകോട് ചരുവിള വീട്ടിൽ സുനിൽ (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാളിനും പരിക്കേറ്റു.
സ്ത്രീകളും കുട്ടികളുമായി വന്ന കാറിലാണ് ടിപ്പറിടിച്ചത്. കാർ വെട്ടിച്ച് മാറ്റിയതിനാലാണ് മുൻവശം തകർന്ന് യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിെൻറ നേതൃത്വത്തിൽ ജി.എസ്.ഐമാരായ സാംരാജ്, ഇർഷാദ്, എ.എസ്.ഐമാരായ അൻസറുദ്ദീൻ, അജി, അനിൽകുമാർ, എസ് സി.പി.ഒ രാജേഷ്, സി.പി.ഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാലോട്: മേളം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയാണ് സുനിലിെൻറ അന്ത്യയാത്രയായത്. അടച്ചുപൂട്ടലിെൻറ ദീർഘ ഇടവേള കഴിഞ്ഞ് നിബന്ധനകളോടെയാണെങ്കിലും സജീവമാകാനൊരുങ്ങുന്ന ഉത്സവപ്പറമ്പുകളിൽനിന്ന് ജീവിതം കൊട്ടിക്കയറാനുള്ള ഒരുക്കത്തിലായിരുന്നു ചെണ്ടമേളക്കാരനായ സുനിൽ.
സ്റ്റാർ തിയറ്റേഴ്സ് എന്ന പേരിൽ ശിങ്കാരിമേളം സമിതി നടത്തിയിരുന്ന സുനിൽ ചെന്നൈയിലെ പരിപാടി കഴിഞ്ഞ് തിരികെയെത്തി വിതുരയിലെ ഭാര്യ ഗൃഹത്തിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
പാലോട് റേഞ്ച് ഓഫിസിന് സമീപത്തുെവച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ സുനിലിെൻറ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷ് പരിക്കുകളോടെ ചികിത്സയിലാണ്.
ആനാട് മണ്ഡപം ആലംകോട് ചരുവിള വീട്ടിൽ സാംസെൻറയും ജ്ഞാനമ്മയുടെയും മകനാണ് സുനിൽ. ഭാര്യ: സൂസി. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ പുലിപ്പാറ സെൻറ് ജോസഫ് ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഭാര്യയുടെ നാടായ വിതുരയിലെ സെവന്ത് ഡേ ചർച്ചിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.