പാലോട്: നട്ടുനനച്ച് വളർത്തിയ കാച്ചിലും മരച്ചീനിയും നനക്കിഴങ്ങും പയറുമെല്ലാം കാട്ടുപോത്തിന്റെ താണ്ഡവത്തിൽ പാഴായതിന്റെ വേദനയിലാണ് അടിപ്പറമ്പിലെ ആദിവാസി കർഷക കുടുംബം. ആദിച്ചൻ കോണിലെ അനിൽകുമാറെന്ന കതിരൻ കാണിയുടെ അര ഏക്കറോളം കൃഷിയിടമാണ് കാട്ടുപോത്ത് നാമാവശേഷമാക്കിയത്. 300 മൂട് പയർ, 250 മൂട് മരച്ചീനി, മധുരക്കിഴങ്ങ്, കൂവച്ചേമ്പ് തുടങ്ങിയവ പാടേ നശിച്ചു.
വിളവെടുപ്പിന് പാകമായ ഉൽപന്നങ്ങൾ കൺമുന്നിൽ ചിതറിക്കിടക്കുന്ന കാഴ്ച കുടുംബത്തിന് താങ്ങാനാവുന്നില്ല. ചുറ്റുവേലി പൊളിച്ചാണ് കാട്ടുപോത്ത് കൃഷിയിടത്തിലിറങ്ങിയത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. വനാതിർത്തിയിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സോളാർ വേലി കാടുമൂടിയിട്ട് നാളേറെയായി. പാനലുകൾ നശിച്ച് വേലി പ്രവർത്തനക്ഷമമല്ല. ബാറ്ററികൾ കേടുകൂടാതെ ആദിവാസികൾ സൂക്ഷിച്ചിട്ടുണ്ട്. പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ പരിധിയിലാണിവിടം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃഷിസ്ഥലം സന്ദർശിക്കാൻ തയാറായിട്ടില്ലെന്ന് പരാതിയുണ്ട്. കൃഷിയിടങ്ങൾ സോളാർ വേലിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും കൃഷി നാശത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.