പാലോട്: കാർഷിക ഗ്രാമമായ പാലോട്ട് 60 വർഷം മുമ്പ് കർഷകർ ആരംഭിച്ച കന്നുകാലിച്ചന്തയും കാർഷിക-കലാ, സാംസ്കാരിക മേളയും ഇക്കുറിയും. ഏഴിന് ആരംഭിച്ച് 16ന് സമാപിക്കും. വിനോദ സഞ്ചാര വാരാഘോഷവും വൈവിധ്യങ്ങളായ കാർഷിക വിനോദ-വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി ചെയർമാൻ ഡി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി പി.എസ്. മധു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
7ന് രാവിലെ 9ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു മേള ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കലാമേളയും ടൂറിസം ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യും.
കർഷക സംഗമം ഭക്ഷ്യമന്ത്രി അഡ്വ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 200ഓളം പ്രദർശന വിപണന സ്റ്റാളുകളും വിവിധ ഇനത്തിൽപെട്ട ആടുമാടുകളുടെ വിൽപനയും ക്രമീകരിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ കൃഷി പ്രോജക്ടുകൾ, ജൈവ കാർഷിക ഉൽപന്ന പ്രദർശനവും വിപണനവും, കർഷകരുടെ കൃഷി മാതൃക പങ്കുവെക്കൽ, മികച്ച ക്ഷീര കർഷക, കർഷകൻ, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ എന്നിവർക്കും മികച്ച മലയോര കർഷകനും അവാർഡ് നൽകും. കാൻസർ പരിശോധനയും ചികിത്സയും ആർ.സി.സിയുടെ നേതൃത്വത്തിൽ നടക്കും. അറുപത് നിർധന രോഗികൾക്ക് ചികിത്സ സഹായം വിതരണവും.
500 വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, കലാപരിപാടികൾ, പുഷ്പ ഫലസസ്യ പ്രദർശനവും വിൽപനയും, ബനാന നഴ്സറി, ജില്ല കൃഷിത്തോട്ടം, എണ്ണപ്പന ഗവേഷണ കേന്ദ്രം തുടങ്ങിയവയുടെ പവലിയനുകൾ ക്രമീകരിച്ചിട്ടുണ്ട്.
മെഗാ ക്വിസ്, ഫുട്ബാൾ, വോളിബാൾ, കബഡി ചാമ്പ്യൻഷിപ്, അമച്വർ നാടക മത്സരവും മേളയുടെ ഭാഗമായി നടക്കും. പുസ്തകോത്സവം, സെമിനാറുകൾ വൈകീട്ട് സമ്മേളനങ്ങളും നടക്കും. 16ന് വൈകീട്ട് സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ട്രഷറർ വി.എസ്. പ്രമോദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺകുട്ടി, പി. രജി, കൃഷ്ണൻകുട്ടി, ടി.എസ്. ബിജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.