പാലോട്: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽപോയ പാലോട് ജവഹർ കോളനി ബ്ലോക്ക് നമ്പർ 11ൽ ശശിയുടെ ദുരൂഹമരണം കൊലപാതകമെന്നാരോപിച്ച് കുടുംബം രംഗത്ത്. മരണം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കേസിന് ഒരുതുമ്പുമുണ്ടാകാതെ വന്നതോടെയാണ് കുടുംബം ആരോപണവുമായി രംഗത്തുവന്നത്.
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിയടക്കമുള്ള ഉന്നതർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായല്ലെന്ന് ശശിയുടെ ഭാര്യ നിർമല പറഞ്ഞു. കഴിഞ്ഞ മാർച്ച് 13നാണ് വനവിഭവങ്ങൾ ശേഖരിക്കാൻ സഹായിയോടൊപ്പം വനത്തിൽ പോയ ശശി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ജവഹർ കോളനി ബ്ലോക്ക് നമ്പർ 11 വനമേഖലയിൽ നിന്നാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്.
സാധാരണ ആഴ്ചകൾ വനത്തിനുള്ളിൽ തങ്ങിയാണ് ഇത്തരക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്നത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് വനംവകുപ്പിന്റെ ലൈസൻസുള്ള വ്യക്തിയായിരുന്നു ശശി. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നുൾപ്പെടെയുള്ള നിരവധി ഗവേഷകർ വനത്തിൽ സഞ്ചരിക്കുന്നതിനും പഠനം നടത്തുന്നതിനും ശശിയുടെ സേവനം നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. 40 വർഷമായി വനത്തിൽ പോകുന്ന ശശിക്ക് വനവും വനത്തിനുള്ളിലെ കാര്യങ്ങളും സുപരിചിതമാണ്.
മരണദിവസം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വനപാലകർ അറിയിച്ചത്. പിന്നീട്, പാറയിൽ നിന്ന് വീണാണ് മരിച്ചതെന്നറിയിച്ചതായി ഭാര്യ നിർമല പറഞ്ഞു.
എന്നാൽ, കഴുത്തിലെ മുറിവും വാരിയെല്ലിനേറ്റ ക്ഷതവും സംശയമുണ്ടാക്കുന്നതാണെന്നാണ് നിർമലയുടെ ആരോപണം. ശശിയോടൊപ്പം ചിലപ്പോൾ നിർമലയും വനത്തിൽ പോകാറുണ്ട്. അവിടെ വെച്ച് പലപ്പോഴും അപരിചിതരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇവർ അനധികൃതമായി വനവിഭവങ്ങൾ ശേഖരിക്കാനെത്തുന്നവരാണ്. കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി അതിക്രമങ്ങൾ നടക്കുന്നെന്നും വനം കേന്ദ്രീകരിച്ച് കൊള്ളസംഘം തന്നെ പ്രവർത്തിക്കുന്നതായും നിർമല ആരോപിക്കുന്നു.
വനത്തിലെ ചില സംശയാസ്പദമായ ഇടപെടലുകൾ ശശിക്ക് അറിയാമായിരുന്നെന്നും നിർമല പറയുന്നു. മൂന്നു വർഷം മുമ്പ് ചില വനപാലകർ ശശിയെ മർദിച്ചതായും അവർ പറഞ്ഞു.
ലൈസൻസില്ലാതെ പലരും കാട്ടിൽ കയറി കുളവെണ്ണ, ചരിഞ്ഞ ആനകളുടെ കൊമ്പ്, തടി, വന്യമൃഗങ്ങളുടെ മാംസം തുടങ്ങിയവ കടത്തിക്കൊണ്ടുപോകുന്നുണ്ട്. ഈ വിവരങ്ങൾ വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് ശശിയെന്നും അത് പുറത്തു പറയുമെന്ന കാരണത്താൽ കൊലപ്പെടുത്തിയതാകാമെന്നുമാണ് കുടുംബം പറയുന്നത്.
എന്നാൽ, പൊലീസ് അന്വേഷണത്തിൽ പാറയിൽ നിന്നുവീണ് മരിച്ചതാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും കൂടെയുണ്ടായിരുന്ന സഹായിയുടെ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അത് സാധൂകരിക്കുന്നതാണെന്നും പാലോട് സർക്കിൾ ഇൻസ്പെക്ടർ പി. ഷാജിമോൻ പറഞ്ഞു.
ശശിയെ കൂടാതെ തന്നെ മുപ്പതോളം പേർക്ക് വനവിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്നും അവരാരും ശശിയുടെ ബന്ധുക്കൾ ആരോപിക്കുന്നതുപോലെ വനത്തിനുള്ളിൽ അപരിചിതമായ സാഹചര്യത്തിൽ ആളുകളെ കണ്ടതായി വിവരം നൽകിയിട്ടില്ലെന്നും നിലവിൽ വനത്തിനുള്ളിൽ ആദിവാസി വിഭാഗത്തിൽപെട്ട വാച്ചർമാര്‍ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമായിരിക്കുന്നതിനാൽ വനത്തിനുള്ള നടക്കുന്ന വിവരങ്ങൾ അപ്പപ്പോൾ അറിയാൻ സാധിക്കുമെന്നതിനാൽ ശശിയുടെ ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും കുളത്തൂപ്പുഴ ആർ.എഫ്.ഒ ഫസിലുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.