സമരം കണ്ടില്ലെന്നുനടിച്ച് മാനേജ്മെന്റ്; ബ്രൈമൂറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ

പാലോട്: ബ്രൈമൂർ എസ്റ്റേറ്റിൽ മൂന്ന് മാസമായി തുടരുന്ന തൊഴിലാളിസമരം കണ്ടില്ലെന്ന് നടിച്ച് മാനേജ്മെന്റ്; തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. വേതനവും ആനുകൂല്യങ്ങളും നൽകണമെന്നും ഇടിഞ്ഞുപൊളിഞ്ഞ ലയങ്ങൾ വാസയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിലുള്ളത്.

എന്നാൽ, ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് എസ്റ്റേറ്റ് മാനേജ്മെന്റ് തയാറാവുന്നില്ല. തൊഴിൽ വകുപ്പ് 496 രൂപ മിനിമം വേതനം ഉറപ്പുചെയ്തിട്ടുള്ളപ്പോൾ, 275 മുതൽ 300 രൂപ വരെയാണ് ഇവിടെ വേതനം. പി.എഫും ഗ്രാറ്റ്വിറ്റിയും കേട്ടുകേൾവി മാത്രമാണ്. പ്രതിഷേധിച്ച സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നിഷേധിച്ച്, കള്ളക്കേസുകളിൽ കുടുക്കിയതോടെയാണ് സമരം തുടങ്ങിയത്. വിധവകളും രോഗികളുമായ പതിനഞ്ചോളം സ്ത്രീകളുണ്ട് കൂട്ടത്തിൽ. പ്രാഥമിക ചികിത്സക്കുള്ള സൗകര്യങ്ങളോ അംഗൻവാടിയോ ഇല്ല.

റേഷനരി വാങ്ങാൻ ഒമ്പത് കിലോമീറ്റർ കാടിറങ്ങി ഇടിഞ്ഞാറിൽ എത്തണം. കാട്ടാനയും കരടിയുമടക്കം വന്യജീവി ശല്യവും രൂക്ഷമാണ്. കാട്ടരുവിയിലെ വെള്ളമാണ് കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്നത്. എസ്റ്റേറ്റിന്‍റെ നവീകരണത്തിനും മനേജ്‌മെന്റ് താൽപര്യമെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യ ടൂറിസം റിസോർട്ടിന് കളമൊരുക്കുകയാണ് മാനേജ്മെന്റിന്റെ ലക്ഷ്യമെന്നാണ് തൊഴിലാളികൾ പറയുന്നത്. സമരം തുടങ്ങിയ ശേഷം ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ തൊഴിലാളികൾ തടയുമായിരുന്നു.

പിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ എന്നാണ് തൊഴിലാളികളോടുള്ള മാനേജ്മെന്റ് നിലപാട്. അർഹമായ ആനുകൂല്യങ്ങളും തലചായ്ക്കാൻ ഒരുപിടി മണ്ണും ലഭിച്ചാൽ എസ്റ്റേറ്റിൽനിന്ന് ഒഴിഞ്ഞ് പോകാൻ തയാറാണെന്ന് തൊഴിലാളികൾ പറയുന്നു. പണി നിലച്ചതോടെ പട്ടിണിയുടെയും രോഗദുരിതങ്ങളുടെയും പിടിയിലാണ് ഇവരുടെ ജീവിതം. സമരം ഇനിയും നീണ്ടാൽ സ്ഥിതി എന്താകുമെന്ന ആശങ്കയും ഇവർക്കുണ്ട്.

Tags:    
News Summary - The lives of plantation workers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.