പേരൂര്‍ക്കട: കേരളത്തിന്റെ തീരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും വ്യാപകമായി കണ്ടിരുന്ന അടയ്ക്കാമരം (കമുക്) തെക്കന്‍ കേരളത്തില്‍ നിന്ന് പടിയിറങ്ങുന്നു. തലസ്ഥാന ജില്ലയിലെ പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, മരുതന്‍കുഴി, ഉളളൂര്‍, പേട്ട, കണ്ണമ്മൂല, മണ്ണന്തല ഭാഗങ്ങളില്‍ വന്‍തോതില്‍ മുന്‍കാലങ്ങളില്‍ തെങ്ങിനൊപ്പം പ്രാധാന്യം നല്‍കിയിരുന്ന പ്രധാന നാണ്യവിളകളിലൊന്നായിരുന്നു കമുക്. എന്നാല്‍ ഇന്ന് ഈ പ്രദേശങ്ങളില്‍ നിന്നു വന്‍തോതില്‍ കമുക് മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടു. മരത്തില്‍ കയറി പാക്ക് പറിച്ചെടുക്കാന്‍ ആളെ കിട്ടാത്തതും ഉല്പന്നം വിപണികളില്‍ വിറ്റഴിക്കാന്‍ കഴിയാത്തതുമാണ് കമുക് കൃഷിയെ കര്‍ഷകര്‍ കൈയൊഴിയാന്‍ കാരണമായത്. മാര്‍ക്കറ്റുകളില്‍ ആവശ്യത്തിലധികം ഡിമാന്റുണ്ടായിരുന്ന പച്ച അടയ്ക്ക, പഴുത്ത അടയ്ക്ക, ഉണങ്ങിയ അടയ്ക്ക (കൊട്ടപാക്ക്), കുതിര്‍ത്ത അടയ്ക്ക (വെളളത്തില്‍ പാക്ക്) എന്നീ നിലകളില്‍ ഇവ വിപണികളില്‍ സ്ഥാനം പിടിച്ചിരുന്നു.
പാകമാകുന്നതിനു മുമ്പുളള കായ്കളെയാണ് പച്ച അടയ്ക്ക എന്നു പറയുന്നത്. ഇത് കൂടുതലായും വെറ്റില മുറുക്കിനാണ് ഉപയോഗിച്ചു വരുന്നത്. വിപണിയില്‍ വില കുറവാണെങ്കിലും ചില പ്രത്യേക ആയൂര്‍വേദ ഔഷധ നിര്‍മ്മാണങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നു. പഴുത്ത അടക്കയും ഉണങ്ങിയ അടക്കയും പെയിന്റ് നിര്‍മ്മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍ നിന്നു വന്‍ തോതില്‍ കയറ്റി അയച്ചുവരുന്നു. വെളളത്തില്‍ ആഴ്ചകളോളം നിക്ഷേപിച്ച് കുതിര്‍ത്തെടുക്കുന്ന അടയ്ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങികൊണ്ട് പോകുന്നത്. ഇവക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. വാസന പാക്കിനും പുകയില ഉല്‍പ്പന്ന നിര്‍മ്മാണത്തിനും ഉണങ്ങിയ അടക്കയും കുതിര്‍ത്ത അടക്കയും വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ ഇന്ന് വിപണിയില്‍ കമുകിന് പാളക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. കമുകിന് പാള ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്ന പ്ലേറ്റുകളും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും പ്രിയമേറി വരികയാണ്.
യാതൊരുവിധ പരിചരണവും കൂടാതെ വളരുന്ന കമുക് നൂറടിയോളം ഉയരത്തില്‍ വളരാറുണ്ട്. വണ്ണം തീരെ കുറഞ്ഞതും ബലം കുറഞ്ഞതുമായ ഈ മരങ്ങളില്‍ കയറുന്നവരില്‍ പലരും വീണ് മരിച്ച സംഭവങ്ങള്‍ വാര്‍ത്തയായതോടെ കമുകില്‍ കയറാന്‍ ആളെ കിട്ടാതായി. തുടര്‍ന്ന് ഇത്തരം അടക്കാമരങ്ങളെ കര്‍ഷകര്‍ ഉപേക്ഷിച്ചു. വിളവ് ലഭ്യമല്ലാത്തതും വിലകുറവും പൊതു മാര്‍ക്കറ്റില്‍ ആവശ്യകത കുറഞ്ഞതും കാരണമായി. മരങ്ങള്‍ വച്ചു പിടിപിക്കാന്‍ പുതിയ തലമുറ തയാറാകാതെയായി. സര്‍ക്കാര്‍ തലത്തില്‍ കമുക് കാര്‍ഷകര്‍ക്ക് യാതൊരുവിധ ധനസഹായങ്ങളും നല്‍കാത്തതും അത്യുല്പാദന ശേഷിയുളള നല്ലയിനം കമുകിന്‍തൈകള്‍ ഉല്പ്പാദിപ്പിക്കാത്തതും കമുകുകര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
വിപണികളില്‍ ഇന്ന് അടക്കാക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നുണ്ട്. എന്നാല്‍ കമുകില്‍ കയറാൻ തൊഴിലാളികളെ കിട്ടാതെ വന്നതോടെ അടയ്ക്കാ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.