തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന സിൽവർലൈൻ ട്രെയിൻ പദ്ധതിയെ കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും (75 ശതമാനം) എതിർക്കുകയാണെന്ന് ഗ്രീൻസ് മൂവ്മെന്റ് കേരളയുടെ പഠനം. സിൽവർലൈൻ കൂടുതൽ മെച്ചമായ യാത്രാസൗകര്യമാകുമോ എന്ന ചോദ്യത്തോട് 68 ശതമാനം ആളുകളും ഇല്ല എന്നാണ് അഭിപ്രായപ്പെട്ടത്.
എല്ലാ ജില്ലകളിലുമുള്ള ട്രെയിൻയാത്രക്കാരെയും ഓൺലൈനിലൂടെ ബന്ധപ്പെട്ടാണ് സർവേ നടത്തിയത്. കേരളത്തിൽ നിലവിലുള്ള ട്രെയിൻഗതാഗതം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് 76 ശതമാനം പേരും ചൂണ്ടിക്കാട്ടി. പേക്ഷ അവരിലേറെപ്പേരും സിൽവർലൈനിനെ അനുകൂലിച്ചില്ല. സർവേയിൽ പങ്കെടുത്തവരിൽ ഏറെയും ബിരുദവും പോസ്റ്റ്ഗ്രാജ്വേഷനും സാങ്കേതികവിദ്യാഭ്യാസയോഗ്യതയുള്ളവരായിരുന്നു. ജില്ല, പ്രായം എന്നിവ തിരിച്ചുള്ള വിഭജനത്തിലും സിൽവർലൈൻപദ്ധതി നടപ്പാക്കേണ്ടതില്ല എന്നാണ് എല്ലാ ജില്ലകളിൽനിന്നുമുള്ള പ്രതികരണം.
തിരുവനന്തപുരം, കാസർകോട് റൂട്ടിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്തവരിൽ 69 ശതമാനം പേരും. എന്നാൽ ഇവരിൽ 64 ശതമാനം പേർ വല്ലപ്പോഴും മാത്രമേ ഈ റൂട്ടിൽ യാത്ര ചെയ്യാറുള്ളൂ. കേരളത്തിലെ ട്രെയിനുകളുടെ വേഗം കൂട്ടേണ്ടതുണ്ടെന്നാണ് 75 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്.
സിൽവർലൈൻപദ്ധതിയെ അനുകൂലിക്കുന്നവരോട് (24 ശതമാനം) എന്തുകൊണ്ട് എന്ന ചോദ്യത്തിന് സമയലാഭം എന്നാണ് പറഞ്ഞത്. പദ്ധതിയെ എതിർക്കുന്നവർ പരിസ്ഥിതിനാശം, കൂടിയ യാത്രാച്ചെലവ്, കടബാധ്യത എന്നിവയാണ് എടുത്തുപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.