ആറ്റിങ്ങൽ: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ അനധികൃത നിയമനം വ്യാപകമെന്ന് ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് നിയമനങ്ങൾ. ശുചീകരണവുമായി ബന്ധപ്പെട്ട ഗ്രേഡ്-2 അറ്റന്റർമാരുടെ രണ്ട് തസ്തികകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ എച്ച്.എം.സി കമ്മിറ്റി സർക്കാർ നിഷ്കർഷിക്കുന്ന നടപടികൾ പാലിക്കാതെ നിയമനം നടത്തിയതായി ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ എച്ച്.എം.സി മുഖേന നിയമിതരായ ജീവനക്കാരുടെ കരാർ പുതുക്കി നൽകുന്നതിന് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് ഇ.സി.ജി ടെക്നീഷ്യൻ ആയി ജോലി ചെയ്തയാളുടേത് സർക്കാർ അംഗീകൃത ഇ.സി.ജി ടെക്നീഷ്യൻ കോഴ്സല്ല പഠിച്ചതെന്ന് തെളിഞ്ഞത്.
ഡിസംബർ 17ന് വിളിച്ചുചേർത്ത എച്ച്.എം.സി യോഗത്തിൽ ഇ.സി.ജി ടെക്നീഷ്യനെ ഇൗ തസ്തികയിൽനിന്ന് മാറ്റി ഒഴിവുണ്ടായിരുന്ന ഹോസ്പിറ്റൽ അറ്റന്റൻറ് തസ്തികയിലേക്ക് ആറുമാസത്തേക്കോ അല്ലെങ്കിൽ മറ്റൊരാളെ മെഡിക്കൽ കോളജിൽനിന്നും നിയമിക്കുന്നതുവരെയോ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ചു.
2022 ഏപ്രിലിൽ മെഡിക്കൽ കോളജിൽ നിന്നും ഒഴിവുള്ള ക്ലീനിങ് തസ്തികകളിലെ ഒഴിവുകളിലേക്ക് മൂന്ന് മാസത്തേക്ക് കുടുംബശ്രീ ജീവനക്കാരെ നിയമിക്കുകയും അവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഈ നിയമനത്തെതുടർന്ന് നേരത്തെ ആ ഒഴിവുകളിൽ നേരത്തെയുണ്ടായിരുന്നവരെ ഒഴിവാക്കുന്നതിനുപകരം പാർട്ട് ടൈം സ്വീപ്പർ ആയും സെക്യൂരിറ്റിയായും നിയമിച്ച് എച്ച്.എം.സി തീരുമാനമെടുക്കുകയായിരുന്നു.
ആശുപത്രിയുടെ തനത് വരുമാനത്തിന്റെ അറുപത് ശതമാനത്തിൽ കൂടുതൽ ശമ്പള ഇനത്തിൽ നൽകാൻ പാടില്ലെന്ന് നിയമം നിലനിൽക്കവേയാണ് വരുമാനത്തിനേക്കാൾ കൂടുതൽ ശമ്പളം നൽകി ഇവിടെ അനധികൃത നിയമനങ്ങൾ നടക്കുന്നതെന്ന് ആപേക്ഷമുണ്ട്.
ഒഴിവുകൾ സംബന്ധിച്ച് പത്ര പരസ്യം നൽകൽ, എഴുത്തുപരീക്ഷ, ഇന്റർവ്യൂ തുടങ്ങിയ നടപടി ക്രമങ്ങളൊന്നും പാലിക്കാറില്ല. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള താലൂക്കാശുപത്രി നിയമനങ്ങളിലെ അഴിമതിയിൽ പ്രതിഷേധിച്ച് രണ്ടാഴ്ച മുമ്പ് സി.പി.ഐ പ്രതിനിധികൾ എച്ച്.എം.സി കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.