ആറ്റിങ്ങൽ: ദുരന്തനിവാരണത്തിന് മാസ്റ്റർ പ്ലാൻ ഒരുക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും വാമനപുരം നദീതീര പ്രദേശങ്ങൾ ദേശീയ ദുരന്തനിവാരണ സേന സന്ദർശിച്ചു. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജനവാസമേഖലകളാണ് എൻ.ഡി.ആർ.എഫ് സംഘവും നഗരസഭ അധികൃതരും റവന്യൂ വകുപ്പും ഫയർഫോഴ്സും സംയുക്തമായി സന്ദർശിച്ചത്.
കാലവർഷക്കെടുതി മുന്നിൽ കണ്ട് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നദീതീര പ്രദേശങ്ങളായ കൊട്ടിയോട് ക്ലബ്റോഡ്, പണ്ടുവിളാകം കോളനി, കൊല്ലമ്പുഴ, മീമ്പാട്ട് തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും നദിയോട് ചേർന്ന് നിലനിൽക്കുന്ന തോടുകൾ കാലക്രമേണ ആഴംകൂടി നദീജല നിരപ്പിന് സമാന്തരമായി തീർന്നിരിക്കുന്നു.
അതിനാൽ ഉരുൾപൊട്ടലിലും പേമാരിയിലും നദിയിലൂടെ കുത്തിയൊഴുകി എത്തുന്ന വെള്ളം വളരെ വേഗത്തിൽ കൈത്തോടുകൾ വഴി ജനവാസമേഖലയിലേക്ക് കയറുന്നു. ഈ തോടുകൾക്ക് മതിയായ വീതിയില്ലാത്തതും നദിയുടെ ഇരുവശവും പാറകൾകൊണ്ട് സംരക്ഷണ ഭിത്തി നിർമിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നദീതീരത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണം ഇതാണ്. എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ സുരേഷ്കുമാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശവാസികളും കർഷകരും അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും അദ്ദേഹത്തോട് ബോധ്യപ്പെടുത്തി. vamഅപ്പൂപ്പൻ ചിറയിൽനിന്ന് പണ്ടുവിളാകം കോളനിയിലേക്കും അവിടെനിന്ന് കൊലയറക്കടവിലേക്കും എത്തിച്ചേരുന്ന തോടിന് കുറുകെ നഗരസഭ 40 വർഷം മുമ്പ് സ്ഥാപിച്ച സ്ലാബും അതിലുപയോഗിക്കുന്ന മരപ്പലകയിലെ താൽക്കാലിക ഷട്ടറിന്റെ ഉപയോഗത്തെക്കുറിച്ചും വാർഡ് കൗൺസിലർ ആർ. രാജു സംഘത്തോട് വിശദീകരിച്ചു.
കഴിഞ്ഞ വർഷത്തെ മഴക്കെടുതിയിലും വൻ കൃഷിനാശമാണ് പ്രദേശത്തുണ്ടായത്. തുടർന്ന് മൈനർ ഇറിഗേഷൻ വകുപ്പ് നഗരഭരണ കൂടത്തോടൊപ്പം സ്ഥലം സന്ദർശിച്ച് തോടുകളുടെ വിവിധ ഭാഗങ്ങളിലായി ആധുനിക രീതിയിൽ ഷട്ടർ നിർമിച്ച് വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. തുടർച്ചയായ മഴക്കെടുതിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഈ മേഖലയിലെ ജനങ്ങളെയും വളർത്തുമൃഗങ്ങളെയും സമയബന്ധിതമായി നഗര ഭരണകൂടത്തിന്റെ ഇടപെടലിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് വലിയ ദുരന്തങ്ങൾ ഒഴിവാക്കുന്നുണ്ടെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.
ഡെപ്യൂട്ടി ഹെഡ്ക്വാർട്ടേഴ്സ് തഹൽസിദാർ വേണു, ഡെപ്യൂട്ടി തഹൽസിദാർ അജിത, വില്ലേജ് ഓഫിസർ മനോജ്, ഫയർഫോഴ്സ് ഓഫിസർ രാജേന്ദ്രൻനായർ, കൗൺസിലർ സംഗീതാറാണി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.