വിഴിഞ്ഞം: എൽ.പി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകാനെത്തിയ മിനി ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞ് അപകടം. ഡ്രൈവറും ടീച്ചറും കുട്ടികളുമടക്കം 10 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ആഴാകുളം സ്വദേശി മനു, സഹായി വിഴിഞ്ഞം സ്വദേശി സെയ്ദലി, സ്കൂളിലെ ടീച്ചറും വിഴിഞ്ഞം സ്വദേശിനിയുമായ ജാസ്മിൻ, അപകടം നടന്ന സമയത്ത് അതുവഴി നടന്നുവന്ന വടുവച്ചാൽ സ്വദേശി സലാമിന്റെ മകൾ മൂന്ന് വയസ്സുകാരി ആയിശ, സ്കൂൾ ബസിലുണ്ടായിരുന്ന എൽ.പി സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് സഹീൽ, സമീം, റിസ്വാൻ, റിസാന ഫാത്തിമ, മറ്റ് മൂന്നു കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ രക്ഷാകർത്താക്കളും ഹെഡ്മിസ്ട്രസും അധ്യാപകരും പി.ടി.എ പ്രസിഡന്റും ചേർന്ന് ഉടൻതന്നെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചതായും അധികൃതർ പറഞ്ഞു. അപകട സമയത്ത് മാതാവിനൊപ്പം അതുവഴി നടന്നുവന്ന മൂന്ന് വയസ്സുകാരി ആയിശക്ക് ബസിന്റെ ചില്ലുകഷ്ണം തെറിച്ച് ചെവിയിൽ കയറിയാണ് പരിക്കേറ്റത്. ആയിശയെ രക്ഷാകർത്താക്കൾ തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
രാവിലെ 9.30 ഓടുകൂടി വിഴിഞ്ഞം വടുവച്ചാലിലാണ് അപകടം നടന്നത്. വിഴിഞ്ഞം തെരുവ് ഗവ. എസ്.വി. എൽ.പി സ്കൂളിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന മിനി ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്.
ഷാഫി, സിറാജ് എന്നിവരുടെ വീടുകളുടെ മതിലുകളാണ് തകർന്നത്. അപകടം നടക്കുമ്പോൾ 10 കുട്ടികൾ ബസിലുണ്ടായിരുന്നു. തകർന്നുപോയ മതിലുകളിൽ തട്ടി നിന്ന ബസ് മറിയാതിരുന്നതിനാൽ വൻ അത്യാഹിതമൊഴിവായതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ വാർഡ് കൗൺസിലർ നിസാമുദീൻ പറഞ്ഞു. വിവരമറിഞ്ഞ് വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ പൊലീസും വിഴിഞ്ഞം ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ അജയ് ടി.കെയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് യൂനിറ്റും സ്ഥലത്തെത്തി.
ഇടുങ്ങിയ റോഡിന് കുറുകെ രണ്ട് മതിലുകൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്കൂൾ ബസിനെ ക്രെയിനിന്റെയും എക്സ്കവേറ്ററിന്റെയും സഹായത്താടെ ഫയർഫോഴ്സിന്റെ വടം ഉപയോഗിച്ച് കെട്ടി ഉയർത്തിയാണ് സ്ഥലത്തുനിന്ന് മാറ്റിയത്.
അപകടത്തിൽപെട്ട സ്കൂൾ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലായിരുന്നെന്നും ഇതിനും സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും വാൻ കസ്റ്റഡിയിലെടുത്തതായും വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.