വിഴിഞ്ഞം: സുരക്ഷാ സംവിധാനങ്ങളില്ലാതെ അനധികൃതമായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബണ്ഡന ബോട്ടിൽ കടലിൽ ഉല്ലാസ സവാരി നടത്തിയ മത്സ്യബന്ധന വള്ളം വിഴിഞ്ഞം തീരദേശ പോലീസ് തടഞ്ഞ് പിടികൂടി.
കഴിഞ്ഞദിവസം വൈകുന്നേരം ആറരയോടെ വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വിഴിഞ്ഞം സ്വദേശി യൂജിന്റെ അശ്വൻ - ജാസ്മിൻ എന്ന വള്ളമാണ് പിടിയിലായത്. പത്തുവയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘമാണ് ഉല്ലാസ യാത്രക്ക് പുറപ്പെട്ടത്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ നീങ്ങുന്ന മത്സ്യബന്ധനവള്ളം ശ്രദ്ധയിൽപ്പെട്ട തീരദേശപോലീസിന്റെ പട്രോൾ ബോട്ട് സംഘം തടഞ്ഞ് നിർത്തി.
തുടർന്ന് കാര്യങ്ങൾ തിരക്കിയ പോലീസ് വള്ളം തീരത്തടുപ്പിക്കാൻ നിർദ്ദേശം നൽകി. വള്ളം ഓടിച്ചിരുന്ന വിഴിഞ്ഞം പുതിയ പള്ളിക്ക് സമീപം താമസിക്കുന്ന ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുത്ത ശേഷം തുടർ നടപടിക്കായി മറൈൻ എൻഫോഴ്സ്മെന്റിന് വള്ളം കൈമാറി.
ശക്തമായകാറ്റും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള സമയത്താണ് അനധികൃത ഉല്ലാസയാത്ര നടത്തിയത്. എസ്.ഐ. ഗിരീഷ്, ഗ്രേഡ് എസ്.ഐ. അജയകുമാർ, സി.പി.ഒ. അഖിലേഷ്, കോസ്റ്റൽ വാർഡൻ സാദിഖ്, ജഗൻ നെൽസൺ, ഷിബു എന്നിവർ ചേർന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.