വിഴിഞ്ഞം: പട്ടിണിക്കോലമായി തെരുവിൽ അലഞ്ഞ ബാഷ ഇപ്പോൾ വീടിന്റെ സുരക്ഷിതത്വത്തിൽ താരം. ഉടമ ഉപേക്ഷിച്ച ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായ് ആണ് വെങ്ങാനൂർ മുളമൂട്ടിലെ പ്രിയപ്പെട്ടവനായി മാറിയത്. 2021 ഡിസംബറിലാണ് വെങ്ങാനൂർ സ്വദേശി ഷെറീഫ് എം. ജോർജിന് കഴക്കൂട്ടം കാരോട് ബൈപാസിൽ കല്ലുവെട്ടാൻകുഴിക്ക് സമീപം വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടനിലയിലാണ് ബാഷയെ ആദ്യം കണ്ടത്.
കെട്ടിയിട്ടിരുന്നതിനാൽ ഭക്ഷണം തേടി പോകാൻ സാധിച്ചില്ല. പ്രദേശത്തെ യുവാക്കളാണ് ഷെറീഫിനെ വിവരമറിയിച്ചത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് നിൽക്കാൻ പോലുമാകാതെ അവശനിലയിലായിരുന്നു നായ്. നായ്ക്ക് സമീപത്തെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭക്ഷണം നൽകിയെങ്കിലും കഴിക്കാനാവുമായിരുന്നില്ല. ഭക്ഷണം കഴിക്കാത്തതിനാൽ കുടൽ ചുരുങ്ങിയതായിരുന്നു കാരണം.
വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ നൽകി ഭക്ഷണം കഴിക്കാൻ പാകത്തിന് ആരോഗ്യം വീണ്ടെടുത്തു. രണ്ടുദിവസത്തിനുശേഷം ഷെറീഫ് നായെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. സമൂഹമാധ്യമങ്ങൾ വഴി നായുടെ ഉടമയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ബാഷ എന്ന് പേര് നൽകിയ നായ് വീട്ടുകാരുടെ പ്രിയപ്പെട്ടവനായി. കൂട്ടിന് ലാബ്രിഡോർ ഇനത്തിൽപ്പെട്ട പപ്പിയുമുണ്ട്. ബാഷ ഇപ്പോൾ ഊർജസ്വലനാണ്. ഷെരീഫിന്റെ വീടിന് കാവലിനും സഹോദരിയുടെ മക്കൾക്കൊപ്പം കളിക്കാനും ബാഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.