വിഴിഞ്ഞം: അദാനി ഗ്രൂപ്പിന് സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമിയിലുള്ള നശിച്ചുപോയ കാണിക്കവഞ്ചിക്ക് പകരം പുതിയ കാണിക്കവഞ്ചി സ്ഥാപിക്കാനെത്തിയവരെ അദാനി ഗ്രൂപ്പിെൻറ സുരക്ഷ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്ത് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ വിശ്വാസികൾ കൂട്ടമായെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ അദാനി ഗ്രൂപ്പിന് ഏറ്റെടുത്ത് നൽകിയ കരിമ്പള്ളിക്കര പച്ചക്കായെന്ന സ്ഥലത്ത്, കടൽക്കാറ്റേറ്റ് നശിച്ച കാണിക്കവഞ്ചിക്ക് പകരം കാണിക്കവഞ്ചി നിർമിക്കാനായി ഇടവക സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയവരെയാണ് തുറമുഖ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞത്. അടുത്തദിവസം കൂടുതൽ ഇടവകാംഗങ്ങൾ വീണ്ടുമെത്തി കാണിക്കവഞ്ചിയുടെ നിർമാണം പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും നെയ്യാറ്റിൻകര തഹസിൽദാർ കെ. മുരളീധരെൻറ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു.
തുടർന്ന് ഇടവക അംഗങ്ങളും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാകുകയും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ വിശ്വാസികൾ പ്രതിഷേധവുമായെത്തുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ വിഴിഞ്ഞം സിന്ധു യാത്രമാത ഇടവക വികാരി ഫാ. മൈക്കിൾ തോമസിെൻറ നേതൃത്വത്തിൽ നൂറുകണക്കിന് വരുന്ന വിശ്വാസികൾ കുരിശ്ശടിയിലേക്ക് എത്തിത്തുടങ്ങി. പ്രതിഷേധക്കാരെ തടയാൻ പൊലീസ് തുറമുഖ പദ്ധതി പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് നിലയുറച്ചിരുന്നെങ്കിലും നൂറുകണക്കിന് ആളുകൾ എത്തിയതോടെ ഇവരെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയായി. പൊലീസിനെ മറികടന്ന് ജനക്കൂട്ടം കുരിശ്ശടിക്ക് മുന്നിലെത്തി വികാരിയുടെ നേതൃത്വത്തിൽ പ്രാർഥനയാരംഭിച്ചു.
സബ് കലക്ടർ മാധവിക്കുട്ടിയുടെ സാന്നിധ്യത്തിൽ വിഴിഞ്ഞം ഐ.ബിയിൽ രാവിലെ ഇടവക വികാരിയുമായും ഭാരവാഹികളുമായും ചർച്ച നടന്നെങ്കിലും ഇവർ മുന്നോട്ടുെവച്ച നിബന്ധനകൾ അംഗീകരിക്കാത്തിനെതുടർന്ന് പ്രതിഷേധം തുടർന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജില്ല കലക്ടർ നവ്ജ്യോത് ഖോസയെത്തി ഇടവക വികാരിയും എം.എൽ.എ ഉൾപ്പെട്ടവരെ ചർച്ചക്ക് വിളിച്ചു. 26ന് ചേരുന്ന യോഗത്തിൽ കൂടുന്ന മോണിറ്ററിങ് കമ്മിറ്റിയിൽ ഇക്കാര്യം പരിഗണിക്കും. 45 വർഷത്തിലേറെയുള്ള ആരാധനാലയമാണിതെന്നാണ് ഇടവകാംഗങ്ങൾ അറിയിച്ചിട്ടുള്ളത്. തുറമുഖ കമ്പനിക്ക് സർക്കാർ കൈമാറിയിട്ടുള്ള സ്ഥലമാണിത്. അതിനാൽ കുരിശ്ശടി മാറ്റിസ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തണം. ഇടവകയുടെ താൽപര്യമനുസരിച്ച സ്ഥലമാകും കണ്ടെത്തുകയെന്ന് കലക്ടർ ഇടവകാംഗങ്ങളെ അറിയിച്ചു.അതുവരെ തൽസ്ഥിതി തുടരാനും കലക്ടർ എം. വിൻസെൻറ് എം.എൽ.എയുടെ സാന്നിധ്യത്തിൽ നിർദേശിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ച് എല്ലാവരും പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.