വിഴിഞ്ഞം: പാരാസെയിലിങ്ങിനിടെ ബോട്ടുകൾ കൂട്ടിമുട്ടിയതിനെതുടർന്ന് വിനോദസഞ്ചാരി ബലൂണുമായി കടലിൽ പതിച്ചു. ബോട്ടിലുണ്ടായിരുന്നവർ ഇയാളെ കരക്കെത്തിച്ചു. കോവളം ബീച്ചിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.
കടലിൽ വിനോദസഞ്ചാരിയുമായി പാരാസെയിലിങ് നടത്തിക്കൊണ്ടിരുന്ന ബോട്ടും കരയിൽനിന്ന് വിനോദസഞ്ചാരികളെ എത്തിക്കുന്ന ബോട്ടുമാണ് കൂട്ടിമുട്ടിയത്. ഇതിനിടെ ബോട്ടിന്റെ വേഗം കുറഞ്ഞതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് ബലൂണും പാരാസെയിലിങ് നടത്തിക്കൊണ്ടിരുന്നയാളും കടലിലേക്ക് വീണതെന്നാണ് തീരത്തുണ്ടായിരുന്നവർ പറഞ്ഞത്.
എന്നാൽ, നടന്നത് അപകടമല്ലെന്നും ബോട്ടുകൾ തമ്മിൽ തട്ടിയപ്പോൾ അപകടമുണ്ടാകാതിരിക്കാൻ പാരാസെയിലറെ വാട്ടർലാൻഡിങ് നടത്തിയതാണെന്നുമാണ് പാരാസെയിലിങ് നടത്തുന്ന സ്ഥാപന അധികൃതർ പറയുന്നത്.
കടലിൽ പാരാസെയിലിങ് നടത്തുമ്പോൾ കാറ്റിന്റെ ഗതി മാറ്റം, കടലിന്റെ പ്രക്ഷുബ്ധാവസ്ഥ, അപകടസാധ്യത തുടങ്ങിയ അവസരങ്ങളിൽ വാട്ടർലാൻഡിങ് പതിവാണെന്നും അവർ അറിയിച്ചു. സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചില്ലെന്ന് വിഴിഞ്ഞം തീരദേശ പൊലീസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.